നിർമാണ മേഖലയെ അക്രഡിറ്റഡ് ഏജൻസികൾ തകർക്കുന്നു: ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ

ആലപ്പുഴ: നിർമാണ മേഖലയെ അക്രഡിറ്റഡ് ഏജൻസികളും ബാഹ്യ കൺസൾട്ടൻസികളും തകർക്കുകയാണെന്ന് കുറ്റപ്പെടുത്തി കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ. നിർമാണ വകുപ്പുകളെയും അർദ്ധ സർക്കാർ സ്ഥാപനങ്ങളെയും പാർശ്വവത്ക്കരിച്ച് അക്രഡിറ്റഡ് ഏജൻസികളെയും ബാഹ്യ കൺസൾട്ടൻസികളെയും സർക്കാർ പണികൾ ഏൽപ്പിക്കുകയാണ്. ഇതോടെ വകുപ്പുതല ഉദ്യോഗസ്ഥർക്കുപകരം കൺസൾട്ടൻസികളാണ് രൂപകല്പനയും അടങ്കലുകളും തയ്യാറാക്കുന്നത്. ഇത് കരാർ തുക വർധിപ്പിക്കുന്നതിനും പ്രാദേശിക യാഥാർഥ്യങ്ങൾ അവഗണിക്കപ്പെടുന്നതും ഇടയാക്കി. അതാണ് നിർമാണഘട്ടത്തിൽ തന്നെ അപകടങ്ങളുണ്ടാകുന്നത്. പല അക്രഡിറ്റഡ് ഏജൻസികൾക്കും പ്രവർത്തികളുമായി മുൻപരിചയമില്ല
ഇതു പരിഹരിക്കുന്നതിനായി സർക്കാർ വകുപ്പുകളോടനുബന്ധിച്ചു അതത് മേഖലകളിലെ പ്രഗത്ഭരെ ഉൾപ്പെടുത്തി കൺസൾട്ടൻസി വിഭാഗങ്ങൾ രൂപവത്ക്കരിക്കണമെന്ന് ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഊരാളുങ്കൽ ഉൾപ്പെടെയുള്ള അക്രഡിറ്റഡ് ഏജൻസികൾക്കു ടെൻഡറില്ലാതെ പ്രവർത്തികൾ നൽകുകയാണ്. മത്സരാധിഷ്ഠിത സ്വഭാവമില്ലാത്തതിനാൽ സർക്കാരിനു സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്.

Advertisements

അതിഥി തൊഴിലാളികളെയും മെഷിനറികളെയും ആശ്രയിച്ച് മറ്റു കരാറുകാരെപ്പോലെ ജോലികൾ ചെയ്യുന്ന ഊരാളുങ്കലിനെ തൊഴിലാളി സഹകരണ സംഘത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങളുന്നയിച്ച് ഓഗസ്റ്റ് അഞ്ചിനു സെക്രട്ടറിയേറ്റ് മാർച്ചു നടത്തും. സർക്കാർ വകുപ്പുകളെയും അർഥസർക്കാർ സ്ഥാപനങ്ങളെയും ആധുനികവത്ക്കരിക്കുക, അക്രഡിറ്റഡ് കൺസൾട്ടൻസികളെ ഒഴിവാക്കുക, ഊരാളുങ്കലിനുള്ള പ്രത്യേക ആനുകൂല്യങ്ങൾ റദ്ദാക്കുക, ചെറുകിട-ഇടത്തരം കരാറുകാരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, ജനറൽ സെക്രട്ടറി നജീബ് മണ്ണേൽ, ആലപ്പുഴ ജില്ല സെക്രട്ടറി നൗഷാദ് അലി തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles