കോട്ടയം: സൗജന്യ റേഷൻ അരിയിൽ എലികാഷ്ടം. കാണക്കാരി പഞ്ചായത്ത് പതിനാറാം വാർഡ് ചാത്തമലയിൽ അംബികാ വിലാസം വീട്ടിൽ കുഞ്ഞുമോൾ പത്മകുമാർ റേഷൻ കടയിൽ നിന്നും വാങ്ങിയ അരിയിലാണ് എലികാഷ്ടം കാണപ്പെട്ടത്. പട്ടിണിപ്പാവങ്ങളായ ഇവർക്ക് ലഭിച്ച അരി ഉപയോഗയോഗ്യമല്ലെന്ന് അറിഞ്ഞിട്ടും വിശപ്പകറ്റുവാൻ ഇവർ കഞ്ഞി വെച്ചു. എന്നാൽ ഇത് കഴിക്കാൻ മനസ്സ് വരാഞ്ഞതിനാൽ വിശന്നവയറുമായാണ് കുടുംബം കിടന്നതെന്ന് വീട്ടമ്മ കുഞ്ഞുമോൾ പറഞ്ഞു.
മുൻഗണന വിഭാഗത്തിൽപ്പെട്ട ഇവർക്ക് ലഭിച്ച 12 കിലോ അരിയിലാണ് എലികാഷ്ടം കാണപ്പെട്ടത്.കാണക്കാരി കവലയിലുള്ള റേഷൻ കടയിൽ നിന്നും കഴിഞ്ഞ ദിവസമാണ് കുഞ്ഞുമോൾ അരി വാങ്ങിയത്. വീട്ടിലെത്തി ചാക്ക് തുറന്നപ്പോഴാണ് അരിയിൽ നിറയെ എലിക്കാഷ്ടം കാണുന്നത്. ഉടൻ തന്നെ റേഷൻ കടയുടമയെ വിവരമറിയിച്ചു. തുടർന്ന് സിവിൽ സപ്ലൈസ് ഓഫീസിലും വിവരം അറിയിച്ചു. മോശം അരി റേഷൻ കടയിൽ തിരികെ നൽകി നല്ല അരി മാറ്റി വാങ്ങുവാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയെന്നും വീട്ടമ്മ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന ജീർണാവസ്ഥയിലായ വീട്ടിലാണ് കുഞ്ഞുമോളും അസുഖബാധിതരായ ഭർത്താവ് പത്മകുമാറും, മകളും കഴിയുന്നത്. മകളുടെ പേരിലാണ് ഇവരുടെ വീടും സ്ഥലവും രജിസ്റ്റർ ചെയ്തിരിക്കുന്നത് 18 വയസ്സ് പൂർത്തിയായെങ്കിൽ മാത്രമേ ഇവർക്ക് പഞ്ചായത്തിൽ നിന്നും വീട് നിർമ്മാണത്തിനായി അനുമതി ലഭിക്കുകയുള്ളൂ. പഞ്ചായത്ത് മെമ്പർക്കും മറ്റ് അധികൃതർക്കും ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ലെന്ന് കുഞ്ഞുമോൾ പറഞ്ഞു. . കോവിഡ് കാലത്താണ് പത്മകുമാറിന് ലിവർ സിറോസിസ് രോഗം സ്ഥിരീകരിച്ചത് ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. മകൾക്ക് ബ്ലഡ് പ്രഷർ താഴുന്നതുമൂലം ഹാർട്ട് ബീറ്റ് കുറയുകയാണ്. ഏറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ ആണ് ഈ കുടുംബം കടന്നു പോകുന്നത്.


