പത്മാവതി മെഡിക്കൽ ഫൗണ്ടേഷന്റെ പ്രവർത്തനം ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഔദ്യോഗികമായി ഏറ്റെടുത്തു._
കൊല്ലം 01 ഓഗസ്റ്റ് 2023: ദക്ഷിണ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ വൻ ചുവടുവെപ്പുമായി ആസ്റ്റർ പി.എം.എഫ് പ്രവർത്തനമാരംഭിക്കുന്നു. കൊല്ലം ശാസ്താംകോട്ടയിലെ പത്മാവതി മെഡിക്കൽ ഫൗണ്ടേഷൻ (പി.എം.എഫ്) ഇനി മുതൽ രാജ്യത്തെ പ്രധാന ആശുപത്രി ശ്യംഖലകളിലൊന്നായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുക. ബുധനാഴ്ച ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആസ്റ്റർ ഗ്രൂപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ ഏഴാമത് ആശുപത്രിയാണ് ആസ്റ്റർ പി.എം.എഫ്. കഴിഞ്ഞ മേയ് 31നായിരുന്നു ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ പി.എം.എഫുമായി ഇതുസംബന്ധിച്ച കരാറിൽ ഏർപ്പെട്ടത്. കാർഡിയാക് സയൻസ്, കാർഡിയോ തൊറാക്സിക് ആന്റ് വാസ്കുലാർ ശസ്ത്രക്രിയ, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഒബ്സ്ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി, ഗൈനക്കോളജി, ജനറൽ സർജറി, ഇന്റേണൽ മെഡിസിൻ, ഡെർമറ്റോളജി, ഗ്യാസ്ട്രോ എൻട്രോളജി, ന്യൂറോളജി, നെഫ്രോളജി, എമർജൻസി മെഡിസിൻ, അനസ്തേഷ്യോളജി, ഡെന്റിസ്ട്രി, റൂമറ്റോളജി, സൈക്യാട്രി തുടങ്ങി 16 വിഭാഗങ്ങളിലായി ഏറ്റവും മികച്ച ചികിത്സയാണ് ആസ്റ്റർ പി.എം.എഫിൽ വിഭാവനം ചെയ്യുന്നത്. ഇതിന് പുറമേ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ അതിവിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. ആദ്യഘട്ടത്തിൽ ന്യൂറോ സർജറി, കരൾ രോഗ വിഭാഗം എന്നിവയിലായി ആഴ്ചയിൽ മൂന്ന് ദിവസം വീതമാകും ഈ സേവനങ്ങൾ നൽകുന്നത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ആംബുലൻസ് സേവനം, അത്യാധുനിക നിലവാരത്തിലുള്ള നാലു ഓപ്പറേഷൻ തീയേറ്ററുകൾ, സി.ടി സ്കാൻ, സർവ്വ സജ്ജമായ ലാബ് സൗകര്യം തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. 100 ബെഡുകളാണ് നിലവിലുള്ളത്. ഭാവിയിൽ 50 ശതമാനം ബെഡുകൾ കൂടി വർധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. മെഡിക്കൽ ഇൻഡൻസീവ് കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, നിയോനാറ്റൽ ഐ.സി.യു, സർജിക്കൽ ഐ.സി.യു, സി.ടി.വി.എസ് ഐ.സി.യു എന്നീ തീവ്ര പരിചരണ വിഭാഗങ്ങളിലായി 35 ഐ.സി.യു ബെഡുകളും സജ്ജീകരിക്കും.
പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ആസ്റ്റർ ഗ്രൂപ്പിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് പി.എം.എഫിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നതെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ അറിയിച്ചു. ഭാവിയിൽ കൂടുതൽ വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ കൂടി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം പ്രസ് ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിൽ ആസ്റ്റർ പി.എം.എഫ് ഓപ്പറേഷൻ ഹെഡ് വി.കെ വിജീഷ്, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. നഫീൽ അബ്ദുൽ മജീദ്, ക്ലിനിക്കൽ കോ ഓർഡിനേറ്റർ ഡോ. വി. രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.