മെക്സിക്കോ സിറ്റി: ചെക്കിയയെ ഗോളിൽ മുക്കി മെക്സിക്കോയും, കൊറിയയെ പരാജയപ്പെടുത്തി ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്കയും ലോകകപ്പിലെ ഗ്രൂപ്പ് എയിൽ നിന്നും രണ്ടാം റൗണ്ടിലേയ്ക്ക്. ദക്ഷിണാഫ്രിക്കയോട് തോറ്റ ഏഷ്യൻ കരുത്തരായ കൊറിയയും മെക്സിക്കോയോട് തോറ്റ ചെക്കിയയും രണ്ടാം റൗണ്ട് കാണാതെ പുറത്തായി.
ചെക്കിയയെ ഗോളിൽ മുക്കിയാണ് മെക്സിക്കോ രണ്ടാം റൗണ്ടിലേയ്ക്ക് കുത്തിച്ചത്. എതിരില്ലാത്ത മൂന്നു ഗോളിനാണ് മെക്സിക്കോയുടെ വിജയം. ആദ്യ പകുതി ഗോൾ രഹിതമായി നില കൊണ്ട മത്സരത്തിൽ രണ്ടാം പകുതി തുടങ്ങി പത്താം മിനിറ്റിൽ മാറ്റിയോ ഷാവേസാണ് മെക്സിക്കോയുടെ ഗോൾ വേട്ട തുടങ്ങിയത്. 61 ആം മിനിറ്റിൽ ജൂലിയൻ കുനോനിയസും, ഇൻജ്വറി ടൈമിന്റെ നാലാം മിനിറ്റിലെ ഗോളിലൂടെ അൽവാരോ ഫിഡലാഗോയും ഗോൾ പട്ടിക പൂർത്തിയാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ എ ഗ്രൂപ്പിൽ എല്ലാ മത്സരവും വിജയിച്ചാണ് ആതിഥേയരായ മെക്സിക്കോയുടെ കുതിപ്പ്. മൂന്നു മത്സരങ്ങളിൽ നിന്നും ഒൻപത് പോയിന്റാണ് മെക്സിക്കോയ്ക്ക് ഉള്ളത്. സമനിലയിലൂടെ നേടിയ ഒരു പോയിന്റ് മാത്രമുള്ള ചെക്കിയയാണ് ഗ്രൂപ്പിൽ നിന്നും ആദ്യം പുറത്താകുന്ന ടീം.
രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക കൊറിയ റിപബ്ലിക്കിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. 63 ആം മിനിറ്റിൽ തപേലോ മാസേക്കോ നേടിയ ഗോളിലൂടെയാണ് കൊറിയയെ ദക്ഷിണാഫ്രിക്ക മലർത്തിയടിച്ചത്. ഇതോടെ മൂന്നു മത്സരങ്ങളിൽ നിന്നും നാലു പോയിന്റുമായി ദക്ഷിണാഫ്രിക്ക ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം റൗണ്ടിൽ കടന്നു. മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു പോയിന്റ് മാത്രമുള്ള കൊറിയ സാങ്കേതികമായി ലോകകപ്പിൽ നിന്നും പുറത്തായി എങ്കിലും, മികച്ച നാലു മൂന്നു സ്ഥാനക്കാരിൽ ഇടം പിടിയ്ക്കാൻ ഇനിയും സാധ്യതയുള്ളതിനാൽ ഔദ്യോഗികമായി പുറത്തായില്ലെന്ന് മാത്രം.


