കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം ഇനിയും നൽകാതെ വന്നതോടെ ഏറ്റുമാനൂർ ലേബർ കോടതി ഉത്തരവ് അനുസരിച്ച് എറണാകുളം ജില്ലാ കളക്ടർ ട്രാവൻകൂർസിമന്റ്‌സിന്റെ കാക്കനാട്ടെ സ്ഥലം ജപ്തി ചെയ്തു. അഞ്ചു വർഷത്തിലേറെയായി സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ആനൂകൂല്യങ്ങൾ ഒന്നും നൽകാത്ത സാഹചര്യയത്തിലാണ് ഇപ്പോൾ തൊഴിലാളികൾ നൽകിയ കേസിനെ തുടർന്ന് ജപ്തിയിലേയ്ക്കു കടന്നിരിക്കുന്നത്. ഇതിനിടെ സർവീസിൽ നിന്നും വിരമിച്ച 110 തൊഴിലാളികളിൽ 35 പേരാണ് കേസ് ഫയർ ചെയ്തിരുന്നത്.
ട്രാവൻകൂർസിമന്റ്‌സിൽ സർവീസിൽ നിന്നും വിരമിച്ച തൊഴിലാളികൾ നേരത്തെ ഏറ്റുമാനൂർ ലേബർ കോടതിയെ സമീപിച്ചിരുന്നു. ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അടക്കമുള്ള ആനൂകൂല്യങ്ങൾ നൽകാൻ കോടതി ഉത്തരവിട്ടെങ്കിലും ഇത് നൽകാൻ കമ്പനി തയ്യാറായില്ല. ഇതേ തുടർന്നു ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സ്ഥലം എറണാകുളം ജില്ലാ കളക്ടറുടെ പരിധിയിലായതിനാൽ കോട്ടയം കളക്ടർ നിർദേശം എറണാകുളത്തിനു കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്ഥലം ജപ്തി ചെയ്തിരിക്കുന്നത്. നൂറിൽ അധികം ജീവനക്കാർ ആണ് ഇത് വരെ സർവീസിൽ നിന്നും വിരമിച്ചത്. ഇതിൽ 35 പേരാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.ഇത് കൂടാതെ 45 ഓളം ജീവനക്കാരുടെ കേസ് ലേബർ കോടതി പരിഗണിച്ചു വരുന്നു.നേരത്തെ വിരമിച്ച ആളുകളിൽ ഇരുപതിൽ താഴെ ആളുകൾക്ക് മാത്രമാണ് ഇതുവരെയും വിരമിക്കൽ ആനൂകൂല്യങ്ങൾ നൽകിയിരിക്കുന്നത്. നേരത്തെ ഇ.പി ജയരാജൻ വ്യവസായ മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനായി അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഇതിൽ 1.29 കോടി രൂപ മാത്രമാണ് ജീവനക്കാരുടെ ആനൂകൂല്യങ്ങൾക്കായി മാറ്റി വച്ചത്. ബാക്കി തുക മറ്റ് ചിലവുകൾക്ക് വിനിയോഗിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജീവനക്കാർ കോടതിയെ സമീപിച്ചു കമ്പനിയുടെ സ്ഥലം ജപ്തി ചെയ്ത് അനൂകൂല്യങ്ങൾ നൽകാൻ ഉത്തരവുണ്ടായിരിക്കുന്നത്. കമ്പനിയുടെ പേരിലുള്ള ഏക സഥലമാണ് ഇത്. വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യങ്ങൾ കൂടാതെ വൻ ബാധ്യതകളാണ് കമ്പനിയ്ക്കുള്ളത്. ഈ ബാധ്യതകൾ നൽകുന്നതിനാണ് കമ്പനി മാനേജ്‌മെന്റിനും താല്പര്യം. ഈ സാഹചര്യത്തിലാണ് ജീവനക്കാർ ജപ്തി നടപടിയിലേയ്ക്കു കടന്നിരിക്കുന്നത്.ടി സി എൽ റിട്ടയർഡ് എംപ്ലോയീസ് ഫോറം ഭാരവാഹികളായ പി സനൽ കുമാർ, എം ആർ ജോഷി എന്നിവർ പറഞ്ഞു.