കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ടാക്സി ഡ്രൈവർക്കു നേരെ ആക്രമണം നടത്തിയ രണ്ടു പേർ പിടിയിൽ. സദാചാര ഗുണ്ട ചമഞ്ഞാണ് ടാക്സി ഡ്രൈവറെ ഇവർ ആക്രമിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് രണ്ടു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശികളായ നിയാസ് നാസർ, നിസാം നിസാർ എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അക്രമം ഉണ്ടായത്. കോട്ടയം പൂവൻതുരുത്ത് മുണ്ടയ്ക്കൽ ജോജോ ജോസഫിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കാഞ്ഞിരപ്പള്ളി പൊടിമറ്റത്തെ എംസിബിഎസ് സെമിനാരിയിൽ ഓട്ടത്തിനായി എത്തിയ ജോജോയെ പ്രതികൾ ആക്രമിക്കുകയായിരുന്നു. ജോജോ ഇവിടെ വാഹനം പാർക്ക് ചെയ്ത ശേഷം റോഡരികിൽ ബസ് കാത്തു നിൽക്കുകയായിരുന്നു. ഈ സമയം ഇവിടെ എത്തിയ പ്രതികൾ ഭീഷണി മുഴക്കുകയും, ചോദ്യം ചെയ്യുകയും, ആക്രമിക്കുകയും തുടർന്ന് പഴ്സും പണവും അപഹരിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് കേസ്. തുടർന്ന്, ടാക്സി ഡ്രൈവർ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.