കോട്ടയം: ഒരിടവേളയ്ക്കു ശേഷം കോട്ടയം ഈരയിൽക്കടവ് റോഡിൽ വീണ്ടും അതിരൂക്ഷമായ മാലിന്യം തള്ളൽ. റോഡിലെ ഇരുട്ട് മുതലെടുത്താണ് സാമൂഹിക വിരുദ്ധ സംഘം റോഡിൽ മാലിന്യം തള്ളുന്നത്. കക്കൂസ് മാലിന്യവും പേപ്പർ മാലിന്യവും അടക്കം റോഡിൽ തള്ളുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈരയിൽക്കടവിലൂടെ നടക്കാനെത്തുന്നവർ അടക്കം ദുരിതത്തിലായി മാറിയിട്ടുണ്ട്.
മാസങ്ങൾക്കു മുൻപ് ഈരയിൽക്കടവ് റോഡിൽ മുപ്പായിപ്പാടം മുതൽ ഈരയിൽക്കടവ് വരെ നടു റോഡിൽ ടാങ്കർ ലോറിയിൽ എത്തിയ സംഘം കക്കൂസ് മാലിന്യവും, ഹോട്ടൽ മാലിന്യവും അടക്കം തള്ളിയിരുന്നു. ഇതിനു പിന്നാലെ ഈ ടാങ്കർ ലോറി നാട്ടുകാർ ചേർന്നു പിടിച്ചെടുത്ത് പൊലീസിനു കൈമാറിയിരുന്നു. ഇതിന് ശേഷം ഒരിടവേളയ്ക്കു ശേഷമാണ് ഇത്തരത്തിൽ അതിരൂക്ഷമായ രീതിയിൽ ഈരയിൽക്കടവ് റോഡിൽ മാലിന്യം തള്ളുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻപ് ഇടയ്ക്ക് റോഡിൽ ചിലയിടങ്ങളിൽ മാലിന്യം തള്ളുന്നതിനായി വാഹനം എത്തിയിരുന്നെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നു മാലിന്യം തള്ളുന്ന സംഘങ്ങൾ രക്ഷപെടുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അതിരൂക്ഷമായ രീതിയിൽ കഴിഞ്ഞ മൂന്നു ദിവസവമായി ഇവിടെ മാലിന്യം തള്ളുന്നത്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
പുലർച്ചെ നല്ല കാലാവസ്ഥയായത് കൊണ്ട് തന്നെ നൂറുകണക്കിന് ആളുകളാണ് ഇവിടെ നടക്കുന്നതിനായി എത്തുന്നത്. ഇത്തരത്തിൽ എത്തുന്നവരുടെ മൂക്ക് തകർക്കുന്ന ദുർഗന്ധമാണ് ഇപ്പോൾ ഈരയിൽക്കടവിൽ നിന്നും ഉയരുന്നത്. ഇത്തരത്തിൽ നാട്ടുകാർക്ക് ദുരിതമാകുന്ന രീതിയിൽ മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധ സംഘങ്ങൾക്ക് എതിരെ നടപടി ശക്തമാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.