കടുത്തുരുത്തി: സംസ്ഥാന ബജറ്റിന്റെ 2023–24 സാമ്പത്തിക വർഷ വിഹിതമായി കടുത്തുരുത്തി നിയമസഭാമണ്ഡലത്തിലെ വിവിധ ക്ഷേത്രക്കുളങ്ങളുടെയും ജലസ്രോതസ്സുകളുടെയും നവീകരണത്തിനും സംരക്ഷണത്തിനുമായി 2.29 കോടി രൂപ അനുവദിച്ചതായി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് അറിയിച്ചു.


മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളുടെയും ജലാശയങ്ങളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയതോടെ വികസനപദ്ധതികൾക്ക് പുതിയ ഭാവന ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണ്ണക്കനാട് ചിറയിലെ ജലാധിവാസ ഗണപതി ക്ഷേത്രക്കുളത്തിന് 32 ലക്ഷം, കെ.എസ്.പുരം ദേവർദാനം മഹാവിഷ്ണു ക്ഷേത്രക്കുളത്തിന് 28 ലക്ഷം, മാഞ്ഞൂർ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രക്കുളത്തിന് 18 ലക്ഷം, ആയാംകുടി പുതുശേരിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിന് 14 ലക്ഷം, ഞീഴൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിന് 8 ലക്ഷം, കീഴൂർ ഭഗവതി ക്ഷേത്രക്കുളത്തിന് 15 ലക്ഷം, ഉഴവൂർ കരിനെച്ചി ദേവി ക്ഷേത്രക്കുളത്തിന് 15 ലക്ഷം, മോനിപ്പള്ളി ദേവി ക്ഷേത്രക്കുളത്തിന് 9 ലക്ഷം, പെരുവ കുന്നപ്പള്ളി വേലിയാങ്കര മഹാവിഷ്ണു ക്ഷേത്രക്കുളത്തിന് 11 ലക്ഷം, മരങ്ങാട്ടുപിള്ളി പാലക്കാട്ടുമല നരസിംഹസ്വാമി ക്ഷേത്രക്കുളത്തിന് 9 ലക്ഷം, ഉഴവൂർ ശാസ്താംകുളം ക്ഷേത്രക്കുളത്തിന് 40 ലക്ഷം, കുറവിലങ്ങാട്–കളത്തൂർ–ചാലപ്പള്ളി തോട്–നസ്രത്ത് ഹിൽ–അരുവിക്കൽ ശിവസുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കടവ് നവീകരണത്തിന് 23 ലക്ഷം, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ ചിറ്റായിക്കുളം ജലസ്രോതസ്സ് സംരക്ഷണ പദ്ധതിക്ക് 7 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
2023–24 ബജറ്റ് പ്രൊപ്പോസലായി കടുത്തുരുത്തി മണ്ഡലത്തിൽ നിന്ന് അഡ്വ. മോൻസ് ജോസഫ് സമർപ്പിച്ച പ്രധാന രണ്ട് പ്രോജക്ടുകൾക്ക് 20 ശതമാനം അലോട്ട്മെന്റ് ബജറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഈ പദ്ധതികൾക്ക് പ്രായോഗികത ലഭിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
പദ്ധതികളുടെ തുടർനടപടികൾക്കും ഭരണാനുമതി ലഭ്യമാക്കുന്നതിനായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഫയലിൽ തീർപ്പ് ഉണ്ടാകുകയും ധനകാര്യ മന്ത്രി ഒപ്പുവെക്കുകയും ചെയ്തത്. വിവിധ ക്ഷേത്രക്കുളങ്ങളുടെ വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന നിർമ്മാണങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെയും യോഗം വിളിച്ചു ചേർത്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.
കടുത്തുരുത്തിയിലെ വെള്ളാശേരി തത്തപ്പള്ളി ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന് എം.എൽ.എ. ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും, വികസനപദ്ധതിയുടെ ഭാഗമായി ക്ഷേത്രക്കുളം നിർമാണം പൂർത്തിയാക്കാനായതായും അഡ്വ. മോൻസ് ജോസഫ് അറിയിച്ചു.


