കോട്ടയം: കെഎസ്ആർടിസി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കരാട്ടെ രാജുവിന്റെ അമിതക്കൂലിക്കൊള്ള വീണ്ടും. മണർകാട് കാവുംപടി വരെ 400 രൂപയും, ഇവിടെ നിന്ന് യാത്രക്കാരന്റെ വീട്ടിലേയ്ക്ക് അഞ്ഞൂറിനടുത്ത് രൂപയും ആവശ്യപ്പെട്ടതോടെ പ്രതിഷേധിച്ച യാത്രക്കാരനെ മണർകാട് ജംഗ്ഷനിൽ ഇറക്കിവിട്ടു. മണർകാട് വരെ യാത്ര ചെയ്യുന്നതിനു 300 രൂപയാണ് ഇയാൾ ഈടാക്കിയത്. മറ്റ് ഓട്ടോഡ്രൈവർമാരുടെ പ്രതിഷേധം തുടരുന്നതിന് ഇടയാണ് ഇപ്പോൾ വീണ്ടും കരാട്ടെ രാജു ഓട്ടോറിക്ഷയുമായി ഇറങ്ങി അമിതക്കൂലിക്കൊള്ള തുടരുന്നത്. പിന്നിൽ, ശ്രീലക്ഷ്മി എന്ന് എഴുതിയ കെ.എൽ 05 എഡി 6504 ഓട്ടോറിക്ഷയാണ് ഇത് എന്ന് യാത്രക്കാരൻ സാക്ഷ്യപ്പെടുത്തി.
ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വിദേശത്ത് ജോലി ചെയ്യുന്ന മണർകാട് സ്വദേശിയാണ് കൊള്ളയ്ക്ക് ഇരയായത്. പട്ടാമ്പിയിൽ പോയ ശേഷം രാത്രി 12 മണിയോടെയാണ് ഇദ്ദേഹം കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്ത് എത്തിയത്. തുടർന്ന്, സ്റ്റാൻഡിൽ നിന്നും ഓട്ടിറിക്ഷയിൽ കയറി. മണർകാട് വരെ പോകുന്നതിനുള്ള കൂലി ചോദിച്ചപ്പോൾ ‘ സാറ് കയറ് , അഡ്ജസ്റ്റ് ചെയ്യാം ‘ എന്നായിരുന്നു മറുപടി. തുടർന്ന്, ഓട്ടോ യാത്ര ആരംഭിച്ച് കല്യാൺസിൽക്ക്‌സിനു സമീപം എത്തിയപ്പോൾ മണർകാട് വരെ പോകുന്നതിനു 300 രൂപ കൂലിയാകും , അതിന് ശേഷമുള്ള യാത്രയ്ക്ക് പിന്നീട് പറയാം എന്നായി ഡ്രൈവർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ യാത്രക്കാരൻ പ്രതിഷേധ സ്വരം ഉയർത്തി. സാധാരണ താൻ യാത്ര ചെയ്യുമ്പോൾ കാവുംപടി വരെ പോകുന്നതിനു 350 രൂപയും, ഇവിടെ നിന്ന് വീട്ടിലേയ്ക്കു പരമാവധി 40 രൂപയും മാത്രമാണ് നൽകുന്നതെന്നു യാത്രക്കാരൻ പറഞ്ഞു. എന്നാൽ, കാവുംപടി വരെ പോകണമെങ്കിൽ 450 രൂപയും, ഇതിന് ശേഷം വീട്ടിലേയ്ക്കുള്ള തുക ഇവിടെ എത്തിയ ശേഷം പറയാമെന്നും യാത്രക്കാരൻ പറഞ്ഞു. ഇതോടെ യാത്രക്കാരനുമായി നേരിയ വാക്ക് തർക്കവും ഓട്ടോഡ്രൈവർ നടത്തി. തുടർന്ന്, മണർകാട് ഭാഗത്ത് എത്തിയപ്പോൾ യാത്രക്കാരനെ ഡ്രൈവർ ഇറക്കിവിടുകയും, 300 രൂപ കൂലിയായി വാങ്ങുകയും ചെയ്തു. ഇവിടെ നിന്നും മറ്റൊരു ഓട്ടോറിക്ഷ പിടിച്ചാണ് യാത്രക്കാരൻ വീട്ടിലേയ്ക്കു പോയത്. ഈ ഓട്ടോറിക്ഷയ്ക്കാവട്ടെ 90 രൂപ മാത്രമാണ് കൂലിയായി വാങ്ങിയത്. ഇതോടെയാണ് ഇദ്ദേഹം പരാതിയുമായി ജാഗ്രതാ ന്യൂസ് ലൈവിനെ സമീപിച്ചത്.
നേരത്തെ അയ്മനം സ്വദേശിയിൽ നിന്നും അമിത കൂലി വാങ്ങിയതിന് ഇതേ ഓട്ടോറിക്ഷയ്‌ക്കെതിരെ പരാതി ഉയർന്നിരുന്നു. തുടർന്ന്, പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തി കരാട്ടെ രാജു എന്നു വിളിക്കുന്ന ഈ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിനു ശേഷം ഓട്ടോയുമായി രാത്രികാലത്ത് എത്തുന്ന രാജു, അമിത കൂലി വാങ്ങുന്നതായാണ് ഇപ്പോൾ വ്യക്തമാകുന്നത്. സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് യാത്രക്കാരൻ.