കോട്ടയം : കോട്ടയം കളത്തിൽ കടവിൽ ഭാര്യാ പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം കുളിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവർ കൊടൂരാറ്റിൽ വീണ് മരിച്ചു. കൊല്ലാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ വാഴപ്പള്ളിൽ ഷിജി (അച്ചുക്കുട്ടനെ – 48) ആണ് കളത്തിക്കടവിൽ കൊടൂരാറ്റിൽ മുങ്ങി മരിച്ചത്. അദ്ദേഹത്തിൻറെ ഭാര്യവീട് കളത്തിക്കടവ് പാലത്തിന് സമീപത്തായാണ്. ഈ വീട്ടിൽ ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി എത്തിയതായിരുന്നു ഇദ്ദേഹം. ഭാര്യാപിതാവ് മരിച്ചതിന്റെ ചടങ്ങുകൾ ഇന്നാണ് അവസാനിച്ചത്. ഇതിനുശേഷം ഇദ്ദേഹം കൊടൂരാറ്റിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെ ഇദ്ദേഹത്തെ ആറ്റിൽ വീണ് കാണാതായി. ഒരു മണിക്കൂറിനു ശേഷവും ഇദ്ദേഹത്തെ കാണാതെ വന്നതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വിവരം കോട്ടയം അഗ്നി രക്ഷാ സേനയെയും ഈസ്റ്റ് പോലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ രക്ഷാ സേനാംഗങ്ങൾ തിരച്ചിൽ നടത്തി. തുടർന്ന് വൈകിട്ട് ഏഴ് മണിയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.