കോട്ടയം പുതുപ്പള്ളിയിൽ ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു; മരണം ഭർതൃ പിതാവിന്റെ പീഡനത്തെ തുടർന്നെന്ന ആരോപണവുമായി കുടുംബം; ഭർത്തൃ പിതാവ് മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയതെന്ന കുടുംബത്തിന്റെ പരാതി ജില്ലാ പൊലീസ് മേധാവിയ്ക്ക്

കോട്ടയം: പുതുപ്പള്ളിയിൽ ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. സംഭവത്തിൽ ദുരഹത ആരോപിപിച്ച് മരിച്ച വീട്ടമ്മയുടെ ബന്ധുക്കൾ രംഗത്ത് എത്തി. ഭർതൃ പിതാവിന്റെ പീഡനത്തെ തുടർന്നു വീട്ടമ്മ മാനസികമായി ബുദ്ധിമുട്ടുകൾ നേരിടുന്നതായി കുടുംബം ആരോപിക്കുന്നു. ഭർതൃ പിതാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്നാരോപിച്ച് കുടുംബം ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതിയും നൽകി. പുതുപ്പള്ളി പയ്യപ്പാടി വെന്നിമല കൊച്ചുമറ്റം വെട്ടിക്കുളത്ത് വീട്ടിൽ സിദ്ധു അജി(48)യാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മുറ്റത്ത് കരി കില കത്തിക്കുന്നതിനിടെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സിന്ധുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ സിന്ധുവിന്റെ മരണം സംഭവിച്ചു. പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. തുടർന്നു, പുതുപ്പള്ളി വെള്ളുക്കുട്ട സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു സംസ്‌കാരം നടക്കും. കണ്ണൂർ മെഡിക്കൽ കോളേജ് നഴ്‌സിംങ് വിദ്യാർത്ഥി ടെസയും, പ്ലസ് വൺ വിദ്യാർത്ഥി അൽബിനോയുമാണ് സിന്ധുവിന്റെ മക്കൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏലപ്പാറ പശുപാറ സ്വദേശിയായ സിന്ധുവിനെ പയ്യപ്പാടി വെട്ടിക്കുളത്ത് വീട്ടിൽ കുര്യാക്കോസ്, ഓമനയമ്മ ദമ്പതികളുടെ മകൻ അജി വിവാഹം കഴിച്ച് കൊണ്ടു വന്നതാണ്. പശുപ്പാറയിലെ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന അജി 16 വർഷം മുൻപ് മരിച്ചു. അജി മരിക്കുമ്പോൾ സിന്ധുവിന്റെ രണ്ടാമത്തെ കുട്ടിയ്ക്ക് 16 ദിവസം മാത്രമായിരുന്നു പ്രായം. തുടർന്ന് സിന്ധുവിനെ ഇടുക്കിയിൽ നിന്നും കുര്യാക്കോസും, ഓമനയമ്മയും പുതുപ്പള്ളിയിലേയ്ക്കു കൊണ്ടു വരികയായിരുന്നു. തുടർന്ന്, ഇവിടെ കഴിയുന്നതിനിടെ പല തവണ കുര്യാക്കോസിന്റെ ഭാഗത്തു നിന്നും സിന്ധുവിന് നേരെ മോശമായ രീതിയിൽ പെരുമാറ്റം ഉണ്ടായിട്ടുണ്ട്.

ഇതു സംബന്ധിച്ചു ബന്ധുക്കൾ എത്തുകയും, പാർട്ടി നേതാക്കൾ അടക്കമുള്ളവർ ഇടപെടുകയും കുര്യാക്കോസിനെ താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ, തിങ്കളാഴ്ച വൈകിട്ടോടെ വീണ്ടും ഇയാളുടെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായതായാണ് ബന്ധുക്കളുടെ പരാതി. മോശമായി കുര്യാക്കോസ് പെരുമാറിയതിനെ ചോദ്യം ചെയ്ത സിന്ധുവിനെ ഇയാൾ ആക്രമിക്കുകയും, മുറ്റത്ത് ചപ്പിനു തീയിട്ട സിന്ധുവിന്റെ ദേഹത്തേയ്ക്ക് മണ്ണെണ്ണ ഒഴിക്കുകയും ചെയ്തതായി ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.

പൊള്ളലേറ്റ് കിടന്ന സിന്ധുവിനെ നാട്ടുകാരാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. 90 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റിട്ടും കുര്യാക്കോസോ, ഭാര്യയോ ആശുപത്രിയിലേയ്ക്ക് എത്താൻ തയ്യാറായില്ല. മരണ വിവരം അറിഞ്ഞ ദിവസം പോലും കുര്യാക്കോസ് ജോലിയ്ക്കു പോയിരുന്നതായും സിന്ധുവിന്റെ കുടുംബം ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ കുര്യാക്കോസിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. സിന്ധുവിന്റെ മരണത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Hot Topics

Related Articles