കുഴിമന്തികഴിക്കാൻ വീട്ടിൽ നിന്നിറങ്ങിയ ശേഷം കാണാതായി; വീടുവിട്ടിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി വീട്ടിലെത്തിച്ച് പൊലീസിന്റെ മിന്നൽ നീക്കം; കരുതലിന്റെ കാക്കിയണിഞ്ഞ് കോട്ടയം റെയിൽവേ പൊലീസ്..!

കോട്ടയം: വീണ്ടും കരുതലിന്റെ കാക്കിയണിഞ്ഞ് കോട്ടയം റെയിൽവേ പൊലീസ്. കുഴിമന്തികഴിക്കാൻ വീടുവിട്ടിറങ്ങി ശേഷം കാണാതായ വിദ്യാർത്ഥികളെയാണ് കണ്ടെത്തി നൽകി കോട്ടയം റെയിൽവേ പൊലീസ് വീണ്ടും കാക്കിയുടെ കരുതൽ അണിഞ്ഞത്. ഇന്നലെയാണ് 14 വയസ് പ്രായമുള്ള മൂന്ന് കുട്ടികൾ വീട്ടിൽ നിന്നും കുഴിമന്തി കഴിക്കാനായി പുറത്തിറങ്ങിയത്. കൊല്ലം ജില്ലയിലെ അഞ്ചലിൽ നിന്നാണ് മൂന്നു കുട്ടികൾ കുഴിമന്തി കഴിക്കാനെന്ന പേരിൽ വീട്ടിൽ നിന്നും പോന്നത്. ബന്ധുക്കളുടെ പരാതിയിൽ അഞ്ചൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു. ഇതിനിടെ സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി അഞ്ചൽ പൊലീസ് സംഘം, കോട്ടയം റെയിൽവേ പൊലീസിനെ കുട്ടികളുടെ ചിത്രം സഹിതം വിവരം അറിയിച്ചു. തുടർന്ന്, റെയിൽവേ എസ്.പി ബി.കൃഷ്ണകുമാറിന്റെ നിർദേശാനുസരണം റെയിൽവേ പൊലീസ് സംഘം പരിശോധനയും ശക്തമാക്കി. കേരളത്തിലെ എല്ലാ റെയിൽവേ പൊലീസ് സ്റ്റേഷനുകളും കുട്ടികൾക്കായി അന്വേഷണവും ആരംഭിച്ചു. കുട്ടികളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ കൈമാറിയാണ് അന്വേഷണം നടത്തിയത്. ഇന്നലെ വൈകിട്ട് എട്ടു മണിയോടെ തിരുവനന്തപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റിൽ കുട്ടികളെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് റെയിൽവേ എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിൽ ട്രെയിനിൽ പരിശോധന നടത്തി. ഇതിനിടെ കുട്ടികളെ ട്രെയിനിൽ നിന്നും കണ്ടെത്തി. ട്രെയിനിലെ ജനറൽ കോച്ചിലാണ് കുട്ടികൾ ഉണ്ടായിരുന്നത്. തുടർന്നു, റെയിൽവേ എസ്.പിയെ കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ നിന്നും വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചൽ പൊലീസ് സംഘം സ്ഥലത്ത് എത്തി കുട്ടികളെ ഏറ്റെടുത്തു. നാട് ചുറ്റിക്കാണാൻ മദ്രാസിനു പോകുകയായിരുന്നുവെന്ന് കുട്ടികൾ റെയിൽവേ എസ്എച്ച്ഓയോട് പറഞ്ഞു. റെയിൽവേ പൊലീസിന്റെ ചടുലമായ നീക്കമാണ് കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്. കോട്ടയം റെയിൽവേ പൊലീസിനു നന്ദിയുമായി അഞ്ചൽ പൊലീസ് ഉദ്യോഗസ്ഥരും രംഗത്ത് എത്തി. പരിശോധനയിൽ എസ്.എച്ച്.ഒ റെജി പി.ജോസഫ്, എ.എസ്.ഐ സന്തോഷ് കെ.നായർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനു, ആർപിഎഫ് കോൺസ്റ്റബിൾ എസ്.സുനിൽകുമാർ, ആർ.പി.എഫ് എസ്.ഐ സന്തോഷ് എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles