ആറ് കോടി ചെലവിൽ നവീകരിച്ച റോഡ് 6 ദിവസം കൊണ്ട് തകര്‍ന്നു; വീണ്ടും ടാറിങ്

കോഴിക്കോട്: ആറ് കോടി രൂപ ചിലവിട്ട് നവീകരണം കഴിഞ്ഞ ശേഷം ആറ് ദിവസത്തിനുള്ളില്‍ തകര്‍ന്ന മാവൂര്‍-കൂളിമാട്-എരഞ്ഞിമാവ് റോഡില്‍ വീണ്ടും അറ്റകുറ്റപ്പണി ആരംഭിച്ചു. നവീകരണത്തിലെ അപാകത സംബന്ധിച്ച്‌ ഏറെ വിമര്‍ശനമുണ്ടായതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ച കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചുമതലയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി തന്നെ ഇടപെട്ട് നടപടി സ്വീകരിച്ചു. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലെ പലഭാഗങ്ങളിലും ടാറിങ്ങ് ഇളകുകയും കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. താത്തൂര്‍പൊയില്‍, കൂളിമാട്, ചുള്ളിക്കാപ്പറമ്പ്, പന്നിക്കോട്, തേനക്കാപ്പറമ്പ് എന്നിവിടങ്ങളിലാണ് പ്രധാനമായും തകര്‍ന്നത്.

Advertisements

ഈ ഭാഗത്തെ ടാറിങ്ങ് പൂര്‍ണമായും നീക്കിയാണ് ഇപ്പോള്‍ അറ്റകുറ്റപ്പണി നടത്തുന്നത്. വിജിലന്‍സ് അന്വേഷണത്തില്‍ കരാര്‍ എറ്റെടുത്ത കമ്പനി നിര്‍മാണവ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. എട്ട് സെന്റിമീറ്റര്‍ ആഴത്തില്‍ ടാര്‍ ചെയ്യേണ്ടതിന് പകരം മിക്കയിടങ്ങളിലും മൂന്നും നാലും സെന്റീമീറ്റര്‍ കനത്തില്‍ മാത്രമാണ് ചെയ്തിരിക്കുന്നത്. നേരത്തെ നിര്‍മാണ പ്രവര്‍ത്തി പൂര്‍ത്തിയായിരുന്നെങ്കിലും കരാറുകാരന് ഇതിന്റെ തുക കൈമാറിയിരുന്നില്ല. റോഡ് തകര്‍ന്ന സാഹചര്യത്തില്‍ അറ്റകുറ്റപ്പണി എത്രയും വേഗം നടത്താന്‍ വകുപ്പ് മന്ത്രി തന്നെ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ നേരത്തെ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ മന്ത്രിയെ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.

Hot Topics

Related Articles