ഫോട്ടോ : കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന അര്‍ദ്ധവാര്‍ഷിക സമ്മേളനം പാലാരിവട്ടം പി.ഒ.സിയില്‍ ചെയര്മാന് ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. തോമസ് ഷൈജു, ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, പ്രസാദ് കുരുവിള, ബോണി സി.എക്സ്, അന്തോണിക്കുട്ടി ചെതലന്‍, കെ.പി. മാത്യു, മേരി ദീപ്തി, ആന്റണി ജേക്കബ് എന്നിവര്‍ സമീപം
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇടത്-വലത്-ബി.ജെ.പി. മുന്നണികള്‍ മദ്യനയത്തിലും മാരക രാസലഹരികളുടെ വ്യാപനത്തിലും നിലപാട് വ്യക്തമാക്കണമെന്ന് സഭാ ആസ്ഥാനത്ത് നടന്ന കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ അര്‍ദ്ധവാര്‍ഷിക ജനറല്‍ ബോഡി സമ്മേളനം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മദ്യനയ കാര്യത്തില്‍ മുന്‍കാലങ്ങളില്‍ പുറത്തിറക്കിയ പ്രകടനപത്രികകള്‍ പ്രഹസന പത്രികകളായി മാറ്റുന്നതിനാലാണ് മദ്യലഹരി വിഷയത്തില്‍ പരസ്യനിലപാട് വ്യക്തമാക്കണമെന്ന് സമ്മേളനം ഐക്യകണ്ഠേന ആവശ്യപ്പെട്ടത്.
ആര് എവിടെ ചോദിച്ചാലും മദ്യശാലകള്‍ അനുവദിച്ചുകൊടുക്കുന്ന നയമാണ് മദ്യവര്‍ജ്ജനം പ്രഖ്യാപിച്ചും, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള മദ്യത്തില്‍ നിന്നും ഒരു തുള്ളി മദ്യം പോലും കൂടുതലായി അനുവദിക്കില്ലെന്നും പറഞ്ഞ് അധികാരത്തിലേറിയവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മദ്യത്തിന് പേരിടാനും ലോഗോ നിര്‍മ്മിക്കാനും അപേക്ഷ ക്ഷണിച്ച സര്‍ക്കാരാണിത്. മദ്യം ഹോം ഡെലിവറി ചെയ്യാന്‍ പദ്ധതി ആസൂത്രണം ചെയ്ത് പരാജയപ്പെട്ടു.
കള്ള് ഷാപ്പുകള്‍ ഒന്നാകെ ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകളായി മാറി. നഗ്നമായ അബ്കാരി ലംഘനങ്ങള്‍ മദ്യവകുപ്പിന് കീഴില്‍ നടന്നിട്ടും കണ്ടില്ലെന്ന് നടിക്കുന്നു. മദ്യത്തിന്റെ ലഭ്യതകുറവാണ് മയക്കുമരുന്നുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമെന്ന് പ്രചരിപ്പിച്ചവര്‍ക്ക് യഥേഷ്ടം മദ്യം ലഭ്യമാക്കിയിട്ടും നാട് മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയതില്‍ മറുപടിയില്ല. തെരഞ്ഞെടുപ്പില്‍ മദ്യ നയവും രാസലഹരികളുടെ വ്യാപനവും പൊതുസമൂഹത്തില്‍ ചര്‍ച്ചാവിഷയമാക്കുമെന്നും സമ്മേളനം മുന്നറിയിപ്പ് നല്കി.
സീറോമലബാര്‍-ലത്തീന്‍-മലങ്കര റീത്തുകളിലെ 32 അതിരൂപത-രൂപതകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
കാലാവധി പൂര്‍ത്തിയാക്കിയ മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന് യാത്രയയപ്പും പുതുതായി നിയമിതനായ ബിഷപ് അംബ്രോസ് പുത്തന്‍വീട്ടിലിന് വരവ്ലേപും നല്കി.
മദ്യവിരുദ്ധ കമ്മീഷന് സെക്രട്ടറി ഫാ. തോമസ് ഷൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍, ആന്റണി ജേക്കബ്, ബോണി സി.എക്സ്, അന്തോണിക്കുട്ടി ചെതലന്‍, മേരി ദീപ്തി, കെ.പി. മാത്യു, തോമസ് കോശി, റോയി മുരിക്കോലില്‍, എ.ജെ. ഡിക്രൂസ് എന്നിവര്‍ പ്രസംഗിച്ചു.


