തൃശൂർ : കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ലോറി ഡ്രൈവർ മലപ്പുറം മൊറയൂർ സ്വദേശി തിരുവാലിപ്പറമ്പ് വീട്ടില്‍ ഷൗക്കത്തിനെ (53) യാണ് രക്ഷപ്പെടുത്തിയത്. കാബിനില്‍ കാല് കുടുങ്ങിയതു കാരണം ഇരുകാലുകള്‍ക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. കുന്നംകുളം പഴയ ബസ് സ്റ്റാൻ്റിനു മുന്നില്‍ വെച്ചാണ് അപകടം നടന്നത്.
തൃശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും കോഴിക്കോട് ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്ക് പാമോയില്‍ കയറ്റാനായി പോയ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കർ ലോറിയുടെ മുൻവശം പൂർണ്ണമായും തകർന്നു. ബസ്സിന്റെ മുൻഭാഗത്തിനും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വേഗതയില്‍ വന്നിരുന്ന ബസിനു മുമ്പിലെ കാറില്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ടാങ്കർ ലോറിയില്‍ ഇടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബസിൻ്റെ വരവ് കണ്ട് ടാങ്കർ ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ ഡ്രൈവർ ഇടതു വശത്തെ സീറ്റിലേക്ക് വീണു. അതുകൊണ്ടാണ് ഡ്രൈവറുടെ കാബിൻ തകർന്നെങ്കിലും ഡ്രൈവർ രക്ഷപ്പെട്ടത്. ഷൗക്കത്ത് ഒരു മണിക്കൂറോളം തകർന്ന കാബിനുള്ളില്‍ കുടുങ്ങി കിടന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം ഫയർഫോഴ്സ് യൂണിറ്റ് ഏറെ പരിശ്രമിച്ച് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ മുൻവശത്തെ സീറ്റും ഭാഗങ്ങളും മുറിച്ചുമാറ്റിയ ശേഷമാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. ഷൗക്കത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സ നല്കി കാലില്‍ തുന്നലിട്ടു.
പുലർച്ചെ നടന്ന അപകടത്തെ തുടർന്ന് മേഖലയില്‍ ഏറെ നേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിക്കുകയും അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. അത്ഭുതകരമായി രക്ഷപ്പെട്ട ഡ്രൈവർ ഷൗക്കത്ത് അപകടത്തിൻ്റെ ഞെട്ടലില്‍ നിന്നും ഇനിയും മോചിതനായിട്ടില്ല.

