എംവി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയ കേസ് ;സ്വപ്‌ന സുരേഷിന് ജാമ്യം

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നല്‍കിയ അപകീർത്തി കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായാണ് സ്വപ്‌ന സുരേഷ് ജാമ്യം എടുത്തത്.പല തവണ ഹാജരാകാൻ സമൻസ് നല്‍കിയെങ്കിലും കേസില്‍ ഒന്നാം പ്രതിയായ സ്വപ്ന സുരേഷ് കോടതിയില്‍ ഹാജരായിരുന്നില്ല. തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് സ്വപ്‌ന ഇന്ന് ഹാജരായത്. സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിൻവലിക്കുന്നതിന് 30 കോടി രൂപ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ വാഗ്‌ദാനം ചെയ്‌തെന്നായിരുന്നു ഫേസ്ബുക്ക് ലെെവിലൂടെ സ്വപ്‌ന ആരോപിച്ചത്. പിന്നാലെ മുഖ്യമന്ത്രിക്കും തനിക്കും ഇത് അപകീർത്തി ഉണ്ടാക്കിയെന്ന് കാട്ടിയാണ് ഗോവിന്ദൻ കോടതിയെ സമീപിച്ചത്. ഈ മാസം 25 ന് കേസ് വീണ്ടും പരിഗണിക്കും.സ്വപ്‌നക്കെതിരെ സിപിഎം ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ പൊലീസും കേസ് എടുത്തിരുന്നു. ഇത് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജി ഹെെക്കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് സ്വപ്ന മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

Advertisements

Hot Topics

Related Articles