മുംബൈ: മഹാരാഷ്ട്രയെ ഞെട്ടിച്ച അമരാവതി പീഡനക്കേസുകളില്‍ പ്രതിയായ അയാൻ അഹമ്മദ്, ഹിന്ദു പെണ്‍കുട്ടികളെ ലക്ഷ്യമിട്ടിരുന്നുവെന്ന് മുൻ ബിജെപി എംപി നവനീത് റാണ നടത്തിയ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തി. എന്നാല്‍ ബിജെപി നേതാവിന്റെ ആരോപണങ്ങളെ മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പ്യാരെ സിയ ഖാൻ തള്ളി. ഇതുവരെ തിരിച്ചറിഞ്ഞ എല്ലാ അതിജീവിതമാരും മുസ്ലീം സ്ത്രീകളാണെന്ന് അദ്ദേഹം വ്യക്തമാക്കി. 180ഓളം പെണ്‍കുട്ടികളെയാണ് പ്രതി പ്രണയക്കെണിയില്‍ വീഴ്ത്തി അശ്ലീല ദൃശ്യങ്ങള്‍ പകർത്തിയത്.
അമരാവതി മുൻ എംപി നവനീത് റാണ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് സാമൂഹിക ഐക്യം തകർക്കാൻ ശ്രമിച്ചുവെന്നും പ്യാരെ ഖാൻ ആരോപിച്ചു. കെണിയില്‍നിന്ന് രക്ഷപ്പെട്ട നാല് പേർ പരത്വാഡയില്‍ നിന്നുള്ളവരും മൂന്ന് പേർ അമരാവതിയില്‍ നിന്നുള്ളവരും ഒരാള്‍ നാഗ്പൂരില്‍ നിന്നുള്ളവരുമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രതിയായ അയാൻ അഹമ്മദും ഉസൈർ ഖാനും തമ്മിലുള്ള തർക്കമാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചോർന്നതിന് കാരണമെന്ന് പ്യാരെ ഖാൻ ചൂണ്ടിക്കാട്ടി. അയാൻ പലപ്പോഴും തന്റെ ലൈംഗിക കുറ്റകൃത്യങ്ങളുടെ വീഡിയോ റെക്കോർഡിംഗുകള്‍ ഉസൈറിന് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ഉസൈർ ഇവയെല്ലാം സൂക്ഷിച്ചു. ഇരുവരും പിണങ്ങിയപ്പോള്‍ ക്ലിപ്പുകള്‍ ഇന്റർനെറ്റില്‍ പുറത്തുവിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരത്വാഡ കേസില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ അവരുടെ രാഷ്ട്രീയ ബന്ധമോ സ്വാധീനമോ പരിഗണിക്കാതെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്യാരെ ഖാൻ പറഞ്ഞു. പരത്വാദ നിവാസിയായ അയൻ അഹമ്മദ് തൻവീർ അഹമ്മദ് (19) എന്നയാളിനെതിരെ ഭാരതീയ ന്യായ സംഹിത, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമം, വിവരസാങ്കേതികവിദ്യാ നിയമം എന്നിവ പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ഏപ്രില്‍ 13 ന് അറസ്റ്റിലായ ഇയാളെ ഏപ്രില്‍ 21 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തില്‍ നിന്ന് അയാള്‍ വീഡിയോകളും ഫോട്ടോകളും പരത്വാഡയില്‍ താമസിക്കുന്ന സുഹൃത്തായ ഉസൈർ ഇഖ്ബാല്‍ ഖാന് (20) കൈമാറിയതായി കണ്ടെത്തി. അചല്‍പൂർ സ്വദേശി മുഹമ്മദ് സാദ്, തബ്രീസ് ഖാൻ തസ്ലിം ഖാൻ (24), ഐഫാസ് ഖാൻ മനീർ ഖാൻ (26), മുഹമ്മദ് ഇമ്രാൻ മുഹമ്മദ് സാജിദ് (21), ഷെയ്ഖ് നവീദ് ഷെയ്ഖ് ഹസൻ (21) എന്നിവരാണ് മറ്റ് അഞ്ച് പ്രതികള്‍.

