അതിർത്തികളെയും ആചാരങ്ങളെയും ഭേദിച്ച് അവർ ഒന്നിച്ചു: ശ്രീ നാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവം കോടം ശക്തീശ്വരം ക്ഷേത്രത്തിൽ ചെല്ലാനം സ്വദേശി യു.കെ സ്വദേശിനിയ്ക്ക് താലി ചാർത്തി

ഫോട്ടോ: ശ്രീ നാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവം കോടം ശക്തീശ്വരം ക്ഷേത്രത്തിൽ ചെല്ലാനം സ്വദേശിയായ നിധിൻ ജിത്ത് , യു.കെ സ്വദേശിനിയും ക്രിസ്റ്റ്യൻ സമുദായത്തിൽ പെട്ട ലിയാൻ മരിയെ താലി ചാർത്തുന്നു

Advertisements

ചേർത്തല: അതിർത്തികളെയും ആചാരങ്ങളെയും ഭേദിച്ച് സ്നേഹം വീണ്ടും തെളിയിച്ചു. യു.കെയിൽ ജോലി ചെയ്യുന്ന വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട യുവതിയും, യുവാവും ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ശക്തീശ്വരം ക്ഷേത്ര സന്നിധിയിൽ ജീവിതം ഒന്നിച്ചപ്പോൾ ഗുരുവിന്റെ വാക്കുകളും യാഥാർഥ്യമായി. ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബാംഗവും ചെല്ലാനം തറയിൽ പറമ്പിൽ നിധിൻജിത്തും, യു.കെ സ്വദേശിനിയും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ലിയാൻ മരിയയുമാണ് ഒന്നിച്ചുള്ള ജീവിതത്തിന് കൈകോർത്തത്. ഉന്നത പഠനത്തിനായി നിധിൻജിത്ത് യു.കെയിലെ സൗത്ത് ഷീൽഡ്സിലെ കോളേജ് മുറ്റത്ത് എത്തിയപ്പോൾ തുടങ്ങിയ പരിചയം 2022-ൽ പ്രണയമായി മാറി. മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ചതോടെ ലോകം ചുറ്റുമ്പോൾ ഫ്ലിസ്സിംഗനിലും, അബർഡീനിലും, ലണ്ടനിലും, നെതർലൻഡ്സിലും അവർ കണ്ടുമുട്ടി.
പ്രണയം പിന്നീട് അതിർത്തി വരമ്പുകൾ ലംഘിച്ച് ലിയാൻ മരിയ കഴിഞ്ഞ വർഷം കേരളത്തിന്റെ മണ്ണിലും കാൽവെച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

20 ദിവസത്തോളം ചെല്ലാനത്ത് തങ്ങി. ഇതിനിടെ പ്രതിശ്രുത വരനൊപ്പം തൃശ്ശൂരും, തൃപ്രയാറിന്റെ തീരവും ക്ഷേത്രങ്ങളും കണ്ട് നാടിന്റെ മനസും അവർക്ക് സ്വന്തമായി. അടുത്ത സന്ദർശനത്തിന് വിവാഹവും ഉറപ്പിച്ച് അവർ മടങ്ങി.
മെയ് 30-ാം തിയതി ലിയാൻ മരിയ വിവാഹ ഒരുക്കങ്ങളുമായി ചെല്ലാനത്ത് എത്തി. ജൂൺ 6-ാം തിയതി നിധിൻജിത്തും എത്തി. പിന്നീട് വിവാഹം കേരളത്തിന്റെ തനിമ നിലനിർത്തി വേണമെന്ന് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. കുമ്പളങ്ങിയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന ഇരുവരും വിവാഹത്തിന് അണിയാനായി പരമ്പരാഗത രീതിയിലുള്ള സ്വർണ്ണത്തിന്റെ പാലക്കമാലയും, സെറ്റ് സാരിയും വാങ്ങി. ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതും മേക്കപ്പ് ഒരുക്കുന്നതും അടക്കം എല്ലാ സഹായങ്ങൾക്കും ഒപ്പം നിന്നത് അടുത്ത സുഹൃത്ത് ജാസ്മിയായിരുന്നു.
വ്യാഴാഴ്ച 10:30-ഓടെ താലിയും, നെറ്റിയിൽ ചുവന്ന സിന്ദൂര രേഖയും ചാർത്തിയതോടെ ലിയാൻ മരിയ കേരളത്തിന്റെ മരുമകളായി.

ചടങ്ങുകൾ അത്ഭുതത്തോടെ കണ്ട ലിയാൻ മരിയ പറഞ്ഞു: “ഇങ്ങനെയുള്ള ചടങ്ങുകൾ ഞാൻ കണ്ടിട്ടില്ല. ഇത് എന്റെ സംസ്കാരമല്ല. പക്ഷേ ഇത് അദ്ദേഹത്തിന്റെ സംസ്കാരമാണ്. ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. അദ്ദേഹവും എന്റെ ലോകം അനുഭവിക്കുന്നു. സ്നേഹം എന്നാൽ സംസ്കാരങ്ങൾ പരസ്പരം പങ്കുവെക്കലല്ലേ…\”_
മതത്തിന്റെയും ദേശത്തിന്റെയും പേരിൽ ഭിന്നതകൾ ഉയരുന്ന കാലത്ത്, രണ്ട് മനസ്സുകൾ കൈകോർത്ത് ശക്തീശ്വരത്ത് ചൊല്ലിയ മന്ത്രം നാട്ടുകാർക്ക് ഒരു പാഠം കൂടിയായി. സ്നേഹത്തിന് അതിർത്തിയില്ല, സംസ്കാരത്തിനും.

Hot Topics

Related Articles