രാജ്യാന്തര മത്സരവേദിയിൽ മലയാളി തിളക്കം: ബാർട്ടൺ ഹിൽ വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് കാറിന് അന്താരാഷ്ട്ര പുരസ്‌കാരം
ആഗോള മത്സരങ്ങളിൽ ഒരേ സമയം നേടിയത് രണ്ട് പുരസ്‌കാരങ്ങൾ

തിരുവനന്തപുരം : തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമിച്ച ഇലക്ട്രിക്ക് കാറിന് അന്താരാഷ്ട്ര പുരസ്‌കാരം. ടെക്‌നോപാർക്ക്‌ ആസ്ഥാനമായ ആക്സിയ ടെക്‌നോളജീസിന്റെ മേൽനോട്ടത്തിലും മാർഗനിർദേശത്തോടെയും നിർമിച്ച കാർ ഇന്തോനേഷ്യയിൽ നടന്ന ഷെൽ ഇക്കോ മാരത്തണിൽ തിളങ്ങി. ഊർജ്ജോപയോഗം പരമാവധി ഫലപ്രദമാക്കുന്നതിനുള്ള പുതിയ ആശയങ്ങൾ മുന്നോട്ട് വെക്കുന്നവരുടെ രാജ്യാന്തര മത്സരത്തിലാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ നേട്ടം കൈവരിച്ചത്. മികച്ച സുരക്ഷയ്ക്കുള്ള ഡുപോണ്ട് രാജ്യാന്തര പുരസ്കാരവും നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചതിനുള്ള പ്രത്യേക പരാമർശവും ബാർട്ടൺ ഹിൽ കോളേജിലെ വിദ്യാർത്ഥികൾ സ്വന്തമാക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിൽ നിന്ന് ഈ കണ്ടുപിടിത്തത്തിന് ആവശ്യമായ ഫണ്ടും ഗ്രാൻഡും അനുവദിച്ചു നൽകിയത്.

ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ 19 വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘പ്രവേഗ’ യാണ് ‘വണ്ടി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് കാർ നിർമിച്ചത്. കടുപ്പമേറിയ പരീക്ഷകളും അഭിമുഖങ്ങളും താണ്ടി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് വിദ്യാർത്ഥിസംഘങ്ങളെ പിന്തള്ളിയാണ് ടീം “പ്രവേഗ” ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാർത്ഥികളുടെ എൻജിനിയറിങ് വൈദഗ്ധ്യം വികസിപ്പിക്കാനും, പാരിസ്ഥിതിക സൗഹൃദ രീതിയിൽ ഒരു സുസ്ഥിര കണ്ടുപിടിത്തത്തിലൂടെ അതിനെ വിനിയോഗിക്കാനും മത്സരം അവസരം നൽകിയെന്ന് പ്രവേഗയുടെ ടീം ലീഡായ കല്യാണി എസ് കുമാർ പറഞ്ഞു. ഇതൊരു വലിയനേട്ടമാണെന്നും.   പ്രോജക്ടിന്റെ തുടക്കം മുതൽ മാർഗനിർദേശങ്ങളുമായി കൂടെയുണ്ടായിരുന്ന ആക്സിയ ടെക്നോളജീസിനും മറ്റെല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് ടീമുകളാണ് ഇന്തോനേഷ്യയിലെ പെർടാമിന മണ്ഡലിക സർക്യൂട്ടിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്.

പത്ത് മാസത്തോളം നീണ്ട പ്രയത്നത്തിലൂടെയാണ് 19 പേർ ചേർന്ന് ‘വണ്ടി’ എന്ന ഇലക്ട്രിക് കാറിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തത്. 80 കിലോഗ്രാം ഭാരമുള്ള ഈ വാഹനത്തിന് മണിക്കൂറിൽ 27 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുണ്ട്.

വിദ്യാർത്ഥികളുടെ പുരസ്‌കാര നേട്ടത്തെ ആവേശത്തോടെയാണ് ആക്സിയ ടെക്നോളജീസ് കമ്പനിയും സ്വീകരിച്ചത്. രാജ്യാന്തര തലത്തിലെ രണ്ട് പുരസ്‌കാരങ്ങൾ ഒരേ സമയം നേടിയത് ചെറിയ കാര്യമല്ല. പുതുമയുള്ള ആശയങ്ങളുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മകൾക്ക് മാർഗനിർദേശങ്ങളും പിന്തുണയുമായി ഇനിയും ആക്സിയ ടെക്‌നോളജീസ് മുന്നിലുണ്ടാവുമെന്ന് കമ്പനിയുടെ സ്ഥാപക സി.ഇ.ഒ. ജിജിമോൻ ചന്ദ്രൻ പറഞ്ഞു. വാഹനരംഗത്തെ പുത്തൻ സ്കില്ലുകൾ വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് അവരെ പുതുതലമുറ ജോലി സാധ്യതകൾക്കായി തയാറെടുപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകോത്തര നിലവാരമുള്ള എഞ്ചിനീയർമാരെ കേരളത്തിൽ നിന്ന് സൃഷ്ടിക്കാനാണ് ശ്രമം.

ബാറ്ററിയുടെ ചൂട് നിയന്ത്രിക്കാൻ നവീനവും ഫലപ്രദവുമായ ഒരു സംവിധാനമാണ് പ്രവേഗ ടീം വികസിപ്പിച്ചിരിക്കുന്നത്. .പിസിഎം 1- ടെട്രഡെക്നോൾ എന്ന പദാർത്ഥമാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. ഒപ്പം, ഈ വാഹനം ഓടിക്കുന്ന ഡ്രൈവർ ഉറങ്ങിപ്പോകാതിരിക്കാനും അയാൾ വാഹനമോടിക്കാൻ കഴിയുന്ന അവസ്ഥയിലാണെന്ന് ഉറപ്പാക്കാനും സഹായിക്കുന്ന ഒരു സിസ്റ്റവും ഉൾക്കൊള്ളിച്ചിട്ടുണ്ട്, നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ കണ്ടുപിടിത്തങ്ങൾ വിശദീകരിക്കുന്ന ഗവേഷണപ്രബന്ധം സസ്‌റ്റൈനബിൾ എനർജി ടെക്‌നോളജീസ് ആൻഡ് അസെസ്മെന്റ്സ്സ് എന്ന ജേർണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

പൂർണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് പുരസ്‌കാരത്തിന് അർഹമായ ഇലക്ട്രിക് കാർ നിർമിച്ചിരിക്കുന്നത്. ആഴക്കടലിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഭക്ഷിക്കുന്ന കടുവാ സ്രാവുകളുടെ രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് “വണ്ടി” യുടെ ഡിസൈൻ. നല്ല ഈടുറപ്പുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ത്രീഡി പ്രിന്റ് ചെയ്താണ് കാറിന്റെ ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത്. പുനരുപയോഗിച്ച തുണിയും ഗ്ലാസ് ഫൈബറും കൊണ്ടാണ് അടിഭാഗം നിർമിച്ചിരിക്കുന്നത്.

സി.എസ്.പി മാനന്തവാടിയിൽ നടന്ന അസാപ്പിന്റെ (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) വ്യാവസായിക സുരക്ഷയുമായി ബന്ധപ്പെട്ട പരിപാടിയിലും ഇതേ ടീമിന് വലിയ പിന്തുണയും പ്രോത്സാഹനവും കിട്ടിയിരുന്നു. അതിനുപുറമെ നിരവധി സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നുള്ള സഹായവും കിട്ടി. സി.സി.ഐ, പി.ടി.എ-ജി.ഇ.സി.ബി, ടെക്വിപ്പ് (ടെക് എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഫർമേഷൻ പോർട്ടൽ), ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റർ (ടി.പി.എൽ.സി), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് (എ.ഡി.എ.എം), കേരളം ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി, ആക്സിയ ടെക്‌നോളജീസ്, കാനറാ ബാങ്ക്, റെഡ് മേപ്പിൾ റിയൽറ്റേഴ്‌സ് എന്നിവയുടെ പിന്തുണയും ഈ നേട്ടം കൈവരിക്കാൻ വിദ്യാത്ഥികൾക്ക് വലിയ സഹായമായി.

ഗവണ്മെന്റ് എഞ്ചിനയറിങ് കോളേജ്, ബാർട്ടൻ ഹില്ലിന്റെ പ്രിൻസിപ്പൽ ഡോ. ബിജുലാൽ ഡിയുടെ മേൽനോട്ടത്തിലാണ് വിദ്യാർത്ഥികൾ പ്രോജക്ട് ഏറ്റെടുത്തത്. മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം മേധാവി ഡോ. ബിന്ദു കുമാറും ഫാക്കൽറ്റി അഡ്വൈസർ അനീഷ് കെ. ജോണും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കാറുകൾ ഡിസൈൻ ചെയ്യാനും നിർമിക്കാനും പരീക്ഷിക്കാനും മത്സരിക്കുന്ന വേദിയാണ് ഷെൽ ഇക്കോ മാരത്തൺ. വൈദ്യുതോർജത്തിലും എണ്ണയിലും മികച്ച മൈലേജ് നല്കാൻ കഴിയുന്ന കാറുകൾ നിർമിക്കുന്ന ടീമിനാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.

കല്യാണി എസ് കുമാർ (ലീഡർ), ജി.എസ്. അമൽ കൃഷ്ണൻ, ഹിതിൻ കൃഷ്ണ, അഖിൽ നിഷാദ്, ജോഷ്വിൻ ടി രാജൻ, പ്രണവ് ബിനുലാൽ, പ്രഹ്ളാദ് വിവേക്, സൂരജ് എസ്.ജെ, എ. അർജുൻ, ഗൗതം സായി കൃഷ്ണ, ആരോൺ ക്ലാരൺസ്, ആമി സീസർ, നിയുക്ത ആർ. കൃഷ്ണ, അനന്തു എ. എന്നിവരാണ് ടീം പ്രവേഗയിലെ വിദ്യാത്ഥികള്‍.

Hot Topics

Related Articles