മണർകാട് കത്തീഡ്രൽ സമൂഹത്തിന്
ഉത്തമ മാതൃക: ജോസഫ് മാര്‍ ഗ്രീഗോറിയോസ്

മണര്‍കാട്: സമൂഹത്തിൽ ക്രിസ്തീയ കൂട്ടായ്മ എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ മാതൃകയും ഉദാഹരണവുമാണ് മണർകാട് കത്തീഡ്രൽ എന്ന് മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാര്‍ ഗ്രീഗോറിയോസ്. മണര്‍കാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ ദേവാലയത്തിൽ പ്രതിസന്ധിയും പ്രയാസവും ഉണ്ടായപ്പോൾ ഇടവകകാർ എല്ലാവരും ഒന്നിച്ച് നിന്നതിലുപരിയായി ഇവിടുത്തെ അക്രൈസ്തവരായ ജനങ്ങൾ ഒപ്പമുണ്ടായിരുന്നു. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരുടെയും അഭയകേന്ദ്രമാണ് മണർകാട് പള്ളിയെന്നും അദ്ദേഹം പറഞ്ഞു.

ഡോ. തോമസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രി വി.എന്‍. വാസവന്‍ സേവകസംഘം നിര്‍മിച്ചു നല്‍കുന്ന എട്ട് ഭവനങ്ങളുടെ അടിസ്ഥാനശില വിതരണം ചെയ്തു. സെന്റ് മേരീസ് ആശുപത്രിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിൻ്റെ ലോഗോ പ്രകാശനം ചലച്ചിത്രകാരന്‍ ബേസില്‍ ജോസഫ് നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ രജതജൂബിലി ആഘോഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. നിയമസഭാ സാമാജികനായി അര നൂറ്റാണ്ട് പിന്നിട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ യോഗത്തില്‍ ആദരിച്ചു. തോമസ് മോർ തീമോത്തിയോസ് ഉപഹാരം നൽകി. വനിതാസമാജം പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം തോമസ് ചാഴികാടന്‍ എംപിയും മെറിറ്റ് അവാര്‍ഡ് വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും നിര്‍വഹിച്ചു.

സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യ ലെവലില്‍ ഏഴാം റാങ്ക് നേടിയ മണര്‍കാട് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കൃഷ്ണവേണി എന്‍. അയ്യര്‍ക്ക് ക്യാഷ് അവാര്‍ഡും സ്വര്‍ണ മെഡലും മൊമന്റവും നല്‍കി. എം.ജി. യൂണിവേഴ്‌സിറ്റിയില്‍ ബി.എസ്.സി സുവോളജിക്ക് രണ്ടാം റാങ്ക് നേടിയ മണര്‍കാട് സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥിനി ലക്ഷ്മി എച്ച്, എം.ജി. യൂണിവേഴ്‌സിറ്റിയില്‍ എം.ഫില്‍ കെമിസ്ട്രി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ബിയ എല്‍സാ ബിജു, ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എ. ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ഒന്നാം റാങ്ക് നേടിയ നേഹ അന്ന് പുന്നൂസ് എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും സ്വര്‍ണ മെഡലും മൊമന്റവും നല്‍കി. കത്തീഡ്രലിലെ ഇടവകയില്‍നിന്നും പള്ളിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും വിവിധ പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് മെറിറ്റ് അവാര്‍ഡും നല്‍കി. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് എല്‍ദോസ് പോളിനെ യോഗത്തില്‍ അനുമോദിച്ചു.

വനിതാ സമാജത്തിലെയും വയോജന സംഘടനയിലെയും മുതിര്‍ന്ന അംഗങ്ങളെ യോഗത്തില്‍ ആദരിച്ചു. കത്തീഡ്രല്‍ സെക്രട്ടറി തോമസ് മാണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ട്രസ്റ്റിമിരായ മാത്യു എം.പി, ബിജു പി. കോര, ആശിഷ് കുര്യന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

എട്ടുനോമ്പ് പെരുന്നാളിന്റെ നാലാം ദിനമായ ഇന്നലെ കത്തീഡ്രലിലെ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മോര്‍ ഗ്രീഗോറിയോസ് പ്രധാന കാര്‍മ്മികത്വം വഹിച്ചു. കരോട്ടെ പള്ളിയിലെ കുര്‍ബാനയ്ക്ക് ജറുശലേം പാത്രിയര്‍ക്കല്‍ വികാര്‍ മാത്യൂസ് മോര്‍ തീമോത്തിയോസ് പ്രധാന കാര്‍മ്മികത്വം വഹിച്ചു. മാത്യൂസ് മോര്‍ തീമോത്തിയോസ്, ഫാ. ജിബി മാത്യു വാഴൂര്‍ എന്നിവര്‍ ധ്യാനപ്രസംഗം നടത്തി.

കത്തീഡ്രലില്‍ ഇന്ന്

കരോട്ടെ പള്ളിയില്‍ രാവിലെ 6ന് കുര്‍ബാന. കത്തീഡ്രലില്‍ 7.30ന് പ്രഭാത നമസ്‌കാരം, 8.30ന് മൂന്നിന്മേല്‍ കുര്‍ബാന – ക്‌നാനായ അതിഭദ്രാസനം റാന്നി മേഖലയുടെ കുറിയാക്കോസ് മോര്‍ ഈവാനിയോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍. 11ന് പ്രസംഗം – കുറിയാക്കോസ് മോര്‍ ഈവാനിയോസ്. 12ന് ഉച്ച നമസ്‌കാരം. 2.30ന് പ്രസംഗം – തോമസ് കെ. ഇട്ടി കുന്നത്തയ്യാട്ട് കോർ എപ്പിസ്കോപ്പ. 5ന് സന്ധ്യാ നമസ്‌ക്കാരം. 06.30ന് ധ്യാനം – ഫാ. ജെ. മാത്യു മണവത്ത്

Hot Topics

Related Articles