ഇളയരാജയുടെ വാദം തെറ്റാണെന്നും കണ്മണി അന്‍പോട് പാട്ടിന് അവകാശപ്പെട്ടവരില്‍ നിന്ന് അനുമതി വാങ്ങിയതായും മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാതാവ് ഷോണ്‍ ആന്റണി പറഞ്ഞു.തന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ പാട്ട് മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ അനുമതിയില്ലാതെയാണ് ഉപയോഗിച്ചതെന്നായിരുന്നു ഇളയരാജയുടെ ആരോപണം. പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്പനികള്‍ക്കാണ് ഈ ഗാനത്തിന്റെ അവകാശം ഉള്ളതൊന്നും അവരില്‍ നിന്നും ഗാനം ഉപയോഗിക്കാനുള്ള അവകാശം വാങ്ങിയതായും മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷോണ്‍ പറഞ്ഞു. തമിഴില്‍ മാത്രമല്ല മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈസ് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇത് സംബന്ധിച്ച് ഇളയരാജയില്‍ നിന്ന് വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഷോണ്‍ പറയുന്നു. 15 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു ഇളയരാജ പറഞ്ഞിരുന്നത്. ചിദംബരം സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടില്‍ വന്‍ വിജയമാണ് നേടിയത്. ഇവിടെ നിന്ന് മാത്രം 50 കോടിയിലധികം രൂപ ചിത്രം നേടിയിരുന്നു.