മാളിയേക്കല്‍ മേരിക്കുട്ടി ജോസഫ് യാത്രയാകുമ്പോള്‍; കാലഘട്ടത്തിന്റെ പ്രതിനിധി കാലത്തിന്റെ യവനികയ്ക്കുള്ളിലേക്ക്

കോട്ടയം: കാഞ്ഞിരത്താനം മാളിയേക്കല്‍ എം.കെ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫിന്റെ (96) മരണത്തോടെ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയാണ് കാലത്തിന്റെ യവനികയ്ക്കുള്ളിലേക്ക് മറയുന്നത്. 13 മക്കളുടെ അമ്മയാണ് മേരിക്കുട്ടി.

ഇന്ന് ഇത് ഒരു അപൂര്‍വ്വതയാണ്.
അതിരമ്പുഴ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡണ്ടും, എംഎല്‍എയുമായിരുന്ന അഡ്വ.വി.വി സെബാസ്‌റ്റ്യന്റെ മകളുമാണ് മേരിക്കുട്ടി ജോസഫ്.
മക്കള്‍ മേരി, ബാബു ജോസഫ് മാളിയേക്കന്‍ (ഇന്ത്യന്‍ എക്‌സപ്രസ്സ് ഡല്‍ഹി മുന്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്), സെന്‍ ജോസഫ് (റിട്ട.ഇന്റലിജന്റ്‌സ് ഓഫീസര്‍), റോസി, ചിന്നമ്മ, ലൂസി, ടെസ്സി, ജോണ്‍, സിസി, ടോസ് (സ്റ്റാര്‍ ഹെല്‍ത്ത്), ജയ്‌മോള്‍ (കുവൈറ്റ്), ജോമോള്‍, ജോജി (യുഎസ്) എന്നിവരാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മേരിക്കുട്ടി ജോസഫിന്റെ ഭര്‍ത്താവ് എം കെ ജോസഫ് അക്കാലത്തെ അറിയപ്പെടുന്ന സോഷ്യലിസ്റ്റും സാമൂഹ്യ സേവകനുമായിരുന്നു. പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയം ജില്ലയിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു എം.കെ ജോസഫ്. തിരുക്കൊച്ചി പ്രജാസഭയിലേക്ക് വെളിയന്നൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണൻ കേരളത്തിലെത്തി.

പട്ടംതാണുപിള്ള മന്ത്രിസഭയില്‍ ഭൂപരിഷ്‌കരണം സംബന്ധിച്ചും കുടികിടപ്പ് അവകാശങ്ങളെ സംബന്ധിച്ചും രൂപികരിച്ച കമ്മറ്റികളില്‍ അംഗമായിരുന്നു എം. കെ ജോസഫ്. കാഞ്ഞിരത്താനത്തെ അക്കാലത്തെ സമ്പന്ന കര്‍ഷകനായ എം.കെ കുര്യന്റെ മകനായിരുന്നിട്ടും സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായത് ഈ പ്രദേശത്തെ സാമൂഹ്യ ജീവിതത്തെ ഗുണപരമായി തന്നെ സഹായിച്ചു. കാഞ്ഞിരത്താനം, ഓമല്ലൂര്‍, കുറുപ്പന്തറ, മാഞ്ഞൂര്‍ പ്രദേശങ്ങളിലെ ആദ്യകാല വികസന പ്രവര്‍ത്തനങ്ങളില്‍ എം.കെ ജോസഫിന്റെയും അദ്ദേഹത്തിന്റെ സഹോദരനായ എം.കെ പീറ്ററിന്റെയും നിറസാന്നിധ്യം ഉണ്ടായിരുന്നു. റോഡ്, വൈദ്യുതി, സ്‌കൂള്‍ തുടങ്ങി ജനജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ എന്നും മുന്നിട്ടിറങ്ങിയ വലിയ മനുഷ്യന്റെ ഭാര്യ എന്ന നിലയ്ക്ക് മേരിക്കുട്ടി ജോസഫ് എന്ന വനിതയും ഒരു നാടിന്റെ വികാസപരിണാമങ്ങളുടെ നാള്‍വഴി ചരിത്രങ്ങളില്‍ അറിയപ്പെടണം.

എം.കെ ജോസഫിന്റെ അധ്വാന ഫലമാണ്

കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ഹൈസ്‌കൂളിന് അംഗീകാരം കിട്ടുന്നത്, സ്‌കൂളിന് സമീപത്തുകൂടിയുള്ള റോഡ്, സമീപത്തെ പൊതു കിണര്‍ എന്നിവ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കാന്‍ അദ്ദേഹം വര്‍ഷങ്ങളോളം നിയമ പോരാട്ടം നടത്തി. രാഷ്ട്രീയ പ്രവര്‍ത്തനം ഇന്ന് ധനസമ്പാദനത്തിനും സ്വന്തം പേരിനും പ്രശസ്തിക്കും മാത്രം ഉപയോഗിക്കപ്പെടുന്ന ഒരു കാലത്തു നിന്നു വേണം കഴിഞ്ഞ തലമുറയിലെ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരായ എം.കെ ജോസഫിനെപ്പോലുള്ളവരെ നാം വിലയിരുത്തേണ്ടത്. കാരണം സാധുജനങ്ങളുടെ സംരക്ഷണത്തിനും, രാത്രിയില്‍ ജന്മിയുടെ ഗുണ്ടകൾ തീവെച്ച് നശിപ്പിച്ച കുടിലുകെട്ടിക്കൊടുക്കാനും എന്തിനും ഏതിനും സ്വന്തം സമയവും പണവും, പറമ്പിലെ തടിയും എല്ലാം നിര്‍ലോഭം ചിലവാക്കിയ ഒരാള്‍ തന്റെ നാട്ടുകാരുടെ സാമൂഹീക ഉന്നതിക്ക് വേണ്ടി സ്വയം ധൂര്‍ത്തനായി എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.

മേരിക്കുട്ടി ജോസഫിന്റെ മരണത്തോടെ മണ്‍മറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മ്മകളെങ്കിലും നമുക്ക് സൂക്ഷിക്കാന്‍ കഴിയണം, കാരണം എം.കെ ജോസഫ് എന്ന സാമൂഹ്യ പ്രവര്‍ത്തകനേയും അദ്ദേഹത്തിന്റെ ജീവിത വഴികളും ഒരു നാടിന്റെ ഉന്നമനത്തിനായി ഉഴിഞ്ഞു വെയ്ക്കാന്‍ സാധിച്ചത് തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഭാര്യ നല്‍കിയ പിന്തുണയും, സഹിച്ച ത്യാഗങ്ങളും കാരണമായിട്ടുണ്ട്. ആ നിലയ്ക്ക് മേരിക്കുട്ടി ജോസഫ് എന്ന വനിതയുടെ മഹത്വം വലുതാണ്.

ഒരു വ്യക്തിയുടെ സാമൂഹ്യ ഇടപെടലുകളും സേവനങ്ങളും അധികമാരും ഓര്‍മ്മിക്കുന്നില്ലെങ്കിലും, ഒരാള്‍ മരണപ്പെടുന്നതോടെ അയാളുടെ ചരിത്ര നിയോഗങ്ങളും അയാള്‍ വഹിച്ച സാമുഹിക ഇടപെടലുകളുടെ നന്മകളും ഇല്ലാതാകുന്നില്ല.

Hot Topics

Related Articles