കോട്ടയം: വിൽപ്പനയ്‌ക്കെത്തിച്ച 1.500 ഗ്രാം എം.ഡി.എം.എയുമായി പാമ്പാടി സ്വദേശി പിടിയിൽ. പാമ്പാടി സ്വദേശിയായ ഇന്ദ്രജിത്തിനെ(21)യാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ദർശക് ആറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്ന് ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളൂരിവിൽ ജോലി ചെയ്തിരുന്ന ഇന്ദ്രജിത്ത് രണ്ട് മാസം മുൻപാണ് കോട്ടയത്ത് മടങ്ങിയെത്തിയത്. തുടർന്ന് എംഡിഎംഎ അടക്കമുള്ള രാസ ലഹരിയുടെ വിൽപ്പന നടത്തുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു. തുടർന്ന് ഇയാളെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം ദിവസങ്ങളോളമായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്നാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ ദർശക് ആർ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബി.ആനന്ദ് രാജ്, എം.മാനുവേൽ, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ അഫ്‌സൽ കെ, പി.പി പ്രസീദ്, ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ജിഷ്ണുശിവൻ, യേശുദാസ്, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ സബിത, സിവിൽ എക്‌സൈസ് ഡ്രൈവർ ബിബിൻ ജോയി എന്നിവർ ചേർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വിൽപ്പനയ്‌ക്കെത്തിച്ച 1.500 ഗ്രാം എം.ഡി.എം.എയുമായി പാമ്പാടി സ്വദേശി പിടിയിൽ; പിടിച്ചെടുത്തത് ബാംഗ്ലൂരിൽ നിന്നും എത്തിച്ച എം.ഡി.എം.എ


