ലോകകപ്പ് വേദികളിലെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നായ മെക്സിക്കൻ ഗോൾകീപ്പർ ഗില്ലെർമോ ‘മെമോ’ ഒച്ചോവ തന്റെ 40-ാം വയസ്സിൽ പ്രൊഫഷണൽ ഫുട്ബോൾ കരിയറിലെ അവസാന മത്സരവും കളിച്ചുകഴിഞ്ഞു എന്ന സൂചന നൽകി വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. താൻ കളിക്കുന്ന അവസാന ടൂർണമെന്റായിരിക്കും ഇതെന്ന് താരം ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.
ചെക്കിയക്കെതിരെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ആരാധകരെയാകെ വികാരാധീനരാക്കിയ ആ വിടവാങ്ങൽ നിമിഷങ്ങൾ പിറന്നത്.
2026 ലോകകപ്പിൽ താലാ രംഗേൽ ആണ് മെക്സിക്കോയുടെ ഒന്നാം നമ്പർ കീപ്പറായി കളിക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്സിക്കോ ഇതിനകം യോഗ്യത നേടിയിരുന്നിട്ടും ഒച്ചോവ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. മത്സരം മെക്സിക്കോ 2-0 ന് ലീഡ് ചെയ്ത് പൂർണ്ണമായി നിയന്ത്രണത്തിലാക്കിയതോടെ, തങ്ങളുടെ പ്രിയ ഇതിഹാസത്തെ മൈതാനത്ത് കാണാൻ മെക്സിക്കൻ ആരാധകർ ഒന്നടങ്കം “ഒച്ചോവ! ഒച്ചോവ!” എന്ന് ഉറക്കെ വിളിക്കാൻ തുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരാധകരുടെ ആഗ്രഹം മാനിച്ച് കളിയുടെ 77-ാം മിനിറ്റിൽ ഒച്ചോവ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങി. വന്നയുടൻ തന്നെ മെക്സിക്കോയുടെ മൂന്നാം ഗോളിന് വഴിയൊരുക്കിയ ഒരു തകർപ്പൻ പാസ് നൽകി താൻ ഇപ്പോഴും ക്ളാസ് പ്ലെയറാണെന്ന് ഒച്ചോവ തെളിയിച്ചു.
കളി പൂർത്തിയായതിന് പിന്നാലെ സഹതാരങ്ങൾക്കും കുടുംബത്തിനുമൊപ്പം മെമോ ഒച്ചോവ വികാരാധീനനായി പൊട്ടിക്കരഞ്ഞുകൊണ്ടാണ് കളം വിട്ടത്.
“എന്റെ ആദ്യ മത്സരം അസ്ടെക്കയിലായിരുന്നു. എന്റെ അവസാന മത്സരവും അസ്ടെക്കയിൽ തന്നെ. എന്റെ കരിയറിലെ ഏറ്റവും മനോഹരമായ അവസാന അധ്യായമാണിത്. എല്ലാവർക്കും നന്ദി.” മെമോ ഒച്ചോവ മത്സരശേഷം വികാരാധീനനായി പറഞ്ഞു.


