കാഴ്ച വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന കേരളത്തിലെ ഏക ഹൈസ്കൂൾ ആയ ഒളശ്ശ ഗവൺമെന്റ്ഹൈസ്കൂളിൽ സ്പർശ – അനുഭവ സൗഹൃദ പാർക്ക് സ്ഥാപിക്കുവാൻ 15 ലക്ഷം രൂപ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. 40 ശതമാനത്തിന് മുകളിൽ കാഴ്ച പരിമിതി ഉള്ളവർ മാത്രം പഠിക്കുന്ന സ്കൂൾ എന്ന നിലയിൽ ദൃശ്യ പഠനോപകരണങ്ങൾ ഉപയോഗിക്കുന്നത് അസാധ്യമായ കാര്യമാണ്.ഇ ങ്ങനെയുള്ള കുട്ടികൾക്ക് ശ്രവ്യ – സ്പർശ – ഗന്ധ-രുചി അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന പാർക്കാണിത്.പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ആശയ രൂപീകരണത്തിനും അനുഭവവേദ്യമായ പഠനത്തിനും ഈ പാർക്ക് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഗണിത ശാസ്ത്രത്തിന്റെ അടിസ്ഥാന ബ്രാഞ്ചുകളായ ജോമെട്രി,ആൾജിബ്ര, അരിത്തമെറ്റിക് , ട്രിഗ്നോമെട്രി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവ അടിസ്ഥാനമാക്കി ഒന്ന് മുതൽ പത്ത് വരെ പാഠപുസ്തകങ്ങളിലെ ആശയങ്ങൾ പാർക്കിന്റെ മതിലുകളിൽ എഴുന്ന് നിൽക്കുന്ന നിലയിൽ ചിത്രികരിക്കും.ഗന്ധ ഗുണങ്ങൾ അറിയുവാൻ തക്കവണ്ണം വിവിധ ഇനം ഔഷധ ചെടികൾ, പൂച്ചെടികൾ എന്നിവ അടങ്ങുന്ന സസ്യോദ്യാനം ഒരുക്കും. പ്രധാന ആശയങ്ങൾ സമവാക്യങ്ങൾ എന്നിവ അലുമിനിയം ഷീറ്റിൽ ബ്രെയിൻ ലിപിയിൽ എഴുതി സ്ഥാപിക്കും. ഇത് പെയിന്റ് ഉപയോഗിച്ച് വലിയ പ്രിന്റിൽ ആലേഖനം ചെയ്യും ചുറ്റുമതിലിനോട് അനുബന്ധിച്ച് ചിലവ് കുറഞ്ഞതും ന്യൂതനവും വ്യത്യസ്തവും വിശാലവും ആയ ആശയങ്ങൾ ഉൾക്കൊള്ളുന്നതുമായ പാർക്കാണ് ഇവിടെ ഒരുക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ് എം.പി.പറഞ്ഞു.


