അടിക്കുറിപ്പ്: കഴിഞ്ഞ ദിവസങ്ങളിൽ മൂന്നുതോട് കവലയിൽ ഉണ്ടായ അപകടങ്ങളുടെ ദൃശ്യങ്ങൾ.
കടപ്ലാമറ്റം: തിരുവല്ല- നെടുമ്പാശ്ശേരി കെ.ആർ നാരായണൻ റോഡിലെ മൂന്നുതോട് കവലയിൽ അപകടങ്ങളുടെ തുടർക്കഥ. കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പെട്ട മൂന്നുതോട് കവല തിരക്കേറിയ രണ്ടു റോഡുകളുടെ സംഗമസ്ഥലമാണ്. കുമ്മണ്ണൂർ- കൂടല്ലൂർ റോഡ് കെ.ആർ നാരായണൻ ഹൈവേ മുറിച്ചാണ് കടന്നുപോകുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും തുടർച്ചയായി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. റോഡിൽ അത്യാവശ്യമായ അപകട സൂചന ബോർഡുകൾ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടപ്ലാമറ്റത്ത് നിന്ന് കിടങ്ങൂരിലേക്ക് ഇറക്കം ഇറങ്ങിച്ചെല്ലുമ്പോൾ കുമ്മണ്ണൂർ -കൂടല്ലൂർ റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല ഇതാണ് അപകടങ്ങൾക്ക് വഴി വയ്ക്കുന്നത്.ഉയരമുള്ള മതിലുകളും മരങ്ങളും കാഴ്ച മറക്കുന്നു.
കുമ്മണ്ണൂർ -കൂടല്ലൂർ റോഡിൽ ഇരുവശങ്ങളിലും ഹമ്പുകൾ ഉണ്ടെങ്കിലും സീബ്രാ ലൈനോ മറ്റു സൂചനകളോ ഒന്നുമില്ല. ഹമ്പു ചാടിക്കടന്നാൽ നേരെ കെ. ആർ നാരായണൻ റോഡിന്റെ മധ്യത്തിലേക്കാണ് എത്തുന്നത്.
ജംഗ്ഷനിൽ ഉള്ള മരങ്ങൾ വെട്ടി മാറ്റി മതിലുകളുടെ ഉയരം കുറച്ച് കുമ്മണ്ണൂർ- കൂടല്ലൂർ റോഡിൽ റംബിള്‍ സ്ട്രിപ്പുകളും മഞ്ഞ വരകളും വരച്ച് കെ. ആർ നാരായണൻ റോഡിൽ വേഗം കുറച്ചു പോകാൻ മുന്നറിയിപ്പ് നൽകുന്ന മഞ്ഞ ബിങ്കിളിംഗ് ലൈറ്റുകൾ സ്ഥാപിച്ച് അപകട സാധ്യത കുറയ്ക്കാമെന്ന് കടപ്ലാമറ്റം സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് പുളുക്കിയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബോണി കുര്യാക്കോസ് പാലാം തട്ടേൽ,വാർഡ് മെമ്പർ ഡോൺ സണ്ണി മുക്കാട്ടിൽ എന്നിവർ ആവശ്യപ്പെട്ടു.


