മുക്താർ അൻസാരിയുടെ മരണം; പ്രത്യേക സംഘത്തിന്റെ പോസ്റ്റുമോർട്ടം ഇന്ന്; സുരക്ഷ ശക്തമാക്കി യുപി

ന്യൂഡല്‍ഹി: രാഷ്ട്രീയനേതാവും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരിയുടെ മരണത്തെ തുടർന്ന് ഉത്തർപ്രദേശില്‍ സുരക്ഷ വർദ്ധിപ്പിച്ചു. ഉത്തർ പ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാണ്ട, ഗാസിപൂർ, മവു, വാരാണസി തുടങ്ങിയ ജില്ലകളില്‍ കൂടുതല്‍ പോലീസിനെ വ്യന്യസിച്ചു. ഫിറോസബാദ് ഉള്‍പ്പടെയുള്ള ചില പ്രദേശങ്ങളില്‍ പോലീസ് ഫ്ലാഗ് മാർച്ച്‌ നടത്തി. മുക്താർ അൻസാരിയുടെ മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. പോസ്റ്റ് മോർട്ടം നടത്തുന്നതിന് അഞ്ച് ഡോക്ടർമാർ അടങ്ങുന്ന പാനലിന് രൂപം നല്‍കിയിട്ടുണ്ട്. മുക്താർ അൻസാരിയെ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് മകൻ ഉമർ അൻസാരി ആരോപിച്ചിട്ടുണ്ട്. കോടതിയെ സമീപിക്കുമെന്നും ഉമർ അറിയിച്ചു.

ജയിലില്‍ വച്ച്‌ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വിവിധ സംസ്ഥാനങ്ങളിലായി 61 ക്രിമിനല്‍ കേസുകളില്‍ അൻസാരി പ്രതിയാണ്. ബി.ജെ.പി. എം.എല്‍.എ. കൃഷ്ണനാഥ് റായിയെ കൊന്ന കേസില്‍ 10 വർഷം തടവ് ലഭിച്ചിരുന്നു. ഉത്തർപ്രദേശിലെ മവൂ നിയമസഭാമണ്ഡലത്തില്‍ നിന്ന് അഞ്ചുതവണ എം.എല്‍.എ. ആയി. രണ്ടുതവണ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി.) സ്ഥാനാർഥിയായി മത്സരിച്ചാണ് വിജയിച്ചത്.

Hot Topics

Related Articles