പാലക്കാട്:മറ്റത്തൂർ പഞ്ചായത്ത് ഭരണത്തിൽ തുടരുന്ന ആഭ്യന്തര തർക്കങ്ങൾക്കിടെ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഒഴിയണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി റോജി എം. ജോൺ എംഎൽഎ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് നൽകിയ നിർദേശപ്രകാരം വിഷയത്തിൽ താൻ ഇടപെട്ടതാണെന്നും, എത്രയും വേഗം ഇരുവരും രാജിവെക്കണം എന്നതാണ് പാർട്ടിയുടെ നിലപാടെന്നും റോജി എം. ജോൺ പറഞ്ഞു.നിശ്ചിത സമയത്തിനകം രാജി ഉണ്ടായില്ലെങ്കിൽ, അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാ അച്ചടക്കം ഉറപ്പാക്കുന്നതിന്റെയും പാർട്ടി തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് കടുത്ത നിലപാടിലേക്ക് കടക്കുന്നതെന്നും റോജി എം. ജോൺ പറഞ്ഞു.
അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാൻ തയ്യാറാണെന്ന് വിമത നേതാവ് ടി.എൻ. ചന്ദ്രൻ പ്രതികരിച്ചു. പ്രസിഡന്റിന്റെ രാജിയെക്കുറിച്ച് തനിക്ക് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സ്വീകരിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് നേരത്തേ തന്നെ ഉറപ്പുനൽകിയിട്ടുണ്ടെന്നും, അതിന് വിരുദ്ധമായ യാതൊരു നീക്കവും ഉണ്ടാകില്ലെന്നും ചന്ദ്രൻ വ്യക്തമാക്കി.വൈസ് പ്രസിഡന്റ് തിങ്കളാഴ്ച തന്നെ രാജിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. മറ്റത്തൂർ പഞ്ചായത്തിലെ സംഭവവികാസങ്ങൾ കോൺഗ്രസിന്റെ ജില്ലാ നേതൃത്വത്തിൽ കടുത്ത ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


