കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുടെ വാഹനത്തിന് മുന്നിലേയ്ക്ക് ചാടി വീണ് യുവാക്കളുടെ പ്രതിഷേധം : അപകടം ഒഴിവായത് തലനാരിഴയ്ക്ക് 

ഭോപ്പാല്‍: മധ്യപ്രദേശില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണ് യുവാക്കളുടെ പ്രതിഷേധം.മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ശിവഗഡ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ വെച്ചാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ഒരു സംഘം ഗ്രാമീണർ പെട്ടെന്ന് ചാടിവീഴുകയായിരുന്നു. മണിക്കൂറില്‍ 120 കിലോമീറ്റർ വേഗതയിലായിരുന്നു വാഹന വ്യൂഹം. സഡൻ ബ്രേക്കിട്ട് വാഹനങ്ങള്‍ നിർത്തിയതിനാല്‍ വലിയ ദുരന്തം തലനാരിഴക്ക് ഒഴിവായി. ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയുടെ മധ്യപ്രദേശ് ഭാഗത്തെ നിർമാണപ്രവർത്തനങ്ങള്‍ വിലയിരുത്താൻ മന്ത്രി നേരിട്ടെത്തിയപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്.

Advertisements

ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയിലൂടെ 120 കിലോമീറ്റർ വേഗതയിലാണ് മന്ത്രിയുടെയും അകമ്പടി വാഹനങ്ങളുടെയും വ്യൂഹം കടന്നുപോയത്. ഈ സമയത്താണ് എട്ട് വരിപ്പാതയില്‍ മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് മൂന്ന് യുവാക്കള്‍ അടങ്ങുന്ന സംഘം പെട്ടെന്ന് കയറിനിന്നത്. തുടർന്ന് കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തി. അതിവേഗത്തിലായിരുന്ന വാഹനങ്ങള്‍ പെട്ടെന്ന് വെട്ടിച്ചതുകൊണ്ട് മാത്രമാണ് റോഡില്‍ നിന്നവരുമായി ഇടിക്കാതിരുന്നത്. സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്ന് അകമ്പടി വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടായെങ്കിലും ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടല്‍ കാരണം വൻ ദുരന്തം ഒഴിവായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്സ്പ്രസ് വേ നിർമാണം കാരണം പ്രദേശത്തെ കൃഷിയിടങ്ങളിലും റോഡുകളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെടുന്നതായി ഗ്രാമീണർ പരാതിപ്പെടുന്നു. ഈ വിഷയത്തില്‍ മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കാനാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഗ്രാമീണർ ഇവിടെ തടിച്ചുകൂടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രി എത്തുന്നതിന് മുന്നോടിയായി ചില സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച്‌ ഗ്രാമീണരില്‍ നിന്ന് നിവേദനങ്ങള്‍ സ്വീകരിച്ചിരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം കുട്ടികളെ സ്കൂളില്‍ വിടാൻ എത്തിയ ചിലർ വിഐപി വാഹനവ്യൂഹം വരുന്നത് അറിയാതെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. മധ്യപ്രദേശിലെ 245 കിലോമീറ്റർ വരുന്ന എക്സ്പ്രസ് വേയുടെ ഭാഗങ്ങള്‍ നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ദേശീയ പാത പൂർണ്ണമായും സജ്ജമാകുന്നതോടെ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാസമയം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Hot Topics

Related Articles