ചിത്രം : കാതോലിക്കേറ്റ് ആൻഡ് എം.ഡി.സ്ക്കൂൾസ് സ്ഥാപകദിനാചരണം കോട്ടയം പഴയസെമിനാരിയിൽ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു. സജി മാമ്പ്രക്കുഴി, പ്രൊഫ മിനി ആലീസ്, ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, ഏബ്രഹാം കുര്യാക്കോസ്, സഖറിയാ മാർ സേവേറിയോസ്, അഡ്വ.ബിജു ഉമ്മൻ, ഡോ.ജേക്കബ് ഏബ്രഹാം മണ്ണുംമൂട്, പി.എം തോമസ്, ജോൺ സി ഡാനിയൽ, വി.ജി.ഷാജി എന്നിവർ സമീപം.
കോട്ടയം : സമൂഹത്തിന്റെ പുരോഗതി വിദ്യാഭ്യാസത്തിലൂടെ എന്ന ദാർശനിക ചിന്തയെ പ്രവർത്തിപദത്തിലെത്തിച്ച കർമ്മയോഗിയായിരുന്നു പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്ക്കൂൾസ് കോട്ടയം പഴയസെമിനാരിയിൽ സംഘടിപ്പിച്ച സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാവാ. ലഹരിയുടെ മാരക വലയത്തിൽ നിന്ന് രക്ഷപെടാൻ വിദ്യാർത്ഥികൾക്ക് മാത്രമല്ല മാതാപിതാക്കൾക്കും ബോധവത്ക്കരണം ആവശ്യമാണ്. കുട്ടികളെ ആഴത്തിൽ അറിയുന്നവരായി അധ്യാപകർ മാറണമെന്നും ബാവാ കൂട്ടിച്ചേർത്തു. കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്ക്കൂൾസ് കോർപറേറ്റ് മാനേജർ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ആലുവ യു.സി കോളജ് പ്രിൻസിപ്പൽ പ്രൊഫ.മിനി ആലീസ് മുഖ്യസന്ദേശം നൽകി. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,ഡോ.ജേക്കബ് ഏബ്രഹാം മണ്ണുംമൂട്, റെജിമോൻ മാത്യു തുടങ്ങിയവർ സംസാരിച്ചു. മികച്ച സ്ക്കൂളുകൾക്കുള്ള നസ്രാണി ട്രോഫി, വിദ്യാമൃതം പുരസ്ക്കാരം എന്നിവ പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിച്ചു. വിരമിക്കുന്ന ജീവനക്കാർക്കുള്ള പുരസ്ക്കാരങ്ങൾ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ കൈമാറി. കാതോലിക്കേറ്റ് ആൻഡ് എം.ഡിസ്ക്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും അധ്യാപക – അനധ്യാപകർ ചടങ്ങിൽ സംബന്ധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള സന്ധ്യാനമസ്ക്കാരത്തിന് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ അനുസ്മരണപ്രഭാഷണം നടത്തി. തുടർന്ന് നടന്ന പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ സംബന്ധിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായും മെത്രാപ്പോലീത്താമാരും ചേർന്ന് ശ്ലൈഹിക വാഴ്വ് നൽകി. ഇന്ന് ജൂലൈ 11 ശനിയാഴ്ച വിശുദ്ധ മൂന്നിൻമേൽ കുർബാനയോടെ ഓർമ്മപ്പെരുന്നാളിന് സമാപനമാകും.


