ശാസ്ത്രത്തേക്കാൾ വലുത് വിശ്വാസം തന്നെ : ഷംസീർ വിഷയത്തിൽ ശക്തമായ സമരത്തിന് ഇറങ്ങാനൊരുങ്ങി എൻ. എസ്. എസ് : പോരാട്ടം കടുപ്പിക്കുമെന്നും സുകുമാരൻ നായർ 

കോട്ടയം: ശാസ്ത്രമല്ല വിശ്വാസമാണ് വലുതെന്നും , ഗണപതിയെ അപമാനിച്ച വിഷയത്തിൽ സ്പീക്കർ എ എൻ ഷംസീർ ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ​ഗണപതി മിത്താണെന്ന പരാമർശത്തിനെതിരെ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിൽ കവിഞ്ഞൊരു ശാസ്ത്രമില്ല. ശാസ്ത്രം ​ഗണപതിയുടെ മേലിൽ മാത്രം അടിച്ചേൽപ്പിക്കുന്ന രീതി ശരിയല്ല. ശാസ്ത്രമല്ല വലുത് വിശ്വാസമാണ് വലുതെന്നും സുകുമാരൻ നായർ പറഞ്ഞു. വാഴപ്പള്ളി ഗണപതി ക്ഷേത്രത്തിൽ എത്തി വഴിപാട് നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ.

Advertisements

എ എൻ ഷംസീർ വിശ്വാസത്തെ പോറലേൽപ്പിച്ചു. ഹൈന്ദവ‍ർക്ക് ആ​രാധിക്കുന്ന ദൈവങ്ങളെ സംബന്ധിച്ച് വിശ്വാസങ്ങളുണ്ട്. രാഷ്ട്രീയമില്ല. ബിജെപിയോട് എതിർപ്പില്ല. ബിജെപിക്കൊപ്പവും കോൺ​ഗ്രസിനൊപ്പവും കമ്യൂണിസ്റ്റിനൊപ്പവും നായന്മാർ പ്രവർത്തിക്കുന്നതിൽ പ്രശ്നമില്ല. പക്ഷേ ഞങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ കൈകടത്താൻ വന്നാൽ എതി‍ർക്കാനുള്ള ശക്തി നായർ സൊസൈറ്റിക്കുണ്ട്. എല്ലാവരും അവസാനം ​ഗതികിട്ടാതെ എൻഎസ്എസിൽ വന്ന് കയറുമെന്നും സുകുമാരൻ നായർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘മനുഷ്യന്റെ നാഡീസ്പന്ദനം വിശ്വാസമാണ്. അതിനെ തൊട്ടാൽ പ്രതിഷേധിക്കും. സ്വർ​ഗത്തിൽ ചെന്നാൽ ഹൂറിയുണ്ടെന്ന് പറയുന്നുണ്ടല്ലോ, ആര് പോയി സ്വർ​ഗത്തിൽ. മുസ്ലിം സഹോദരരെയും സ്നേഹിക്കുന്നുണ്ട്. ഏറെയും നല്ല ആളുകൾ. പുഴുക്കുത്തുകളുമുണ്ട്’ – സുകുമാരൻ നായർ പറഞ്ഞു.

ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ വിരോധമാണ്. അത് ‌ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ. ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കും. ശബരിമല പ്രക്ഷോഭത്തിന് സാമാനമാണ് വിശ്വാസ സംരക്ഷണം. ‌ഇത് സൂചനയാണെന്നും സുകുമാരൻ നായർ പറഞ്ഞു.

മറ്റു തീരുമാനങ്ങൾ പിന്നീട് അറിയിക്കും. സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ല എന്നാണ് താൻ പറഞ്ഞത്. ഷംസീറിന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണം. ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ മറ്റു മതങ്ങൾക്ക് വേണ്ടേ എന്നും സുകുമാരൻ നായർ ചോദിച്ചു. സിപിഐഎം നേതാവ് എ കെ ബാലൻ നുറുങ് തുണ്ടാണെന്ന് സുകുമാരൻ നായർ പരിഹസിച്ചു. എൻഎസ്എസ് ബിജെപിക്കെതിരല്ല. ബിജെപി ഈ വിഷയത്തിൽ നല്ല സമീപനമെടുത്തു. എൻഎസ്എസ് ആരെയും ആക്രമിക്കുന്നില്ല. പ്രാർത്ഥന മാത്രമാണ്. നാമജപ ഘോഷയാത്ര വിശ്വാസികളുടെ ആവേശമാണ്. ബി ജെ പി നേതാക്കൾ എത്തിയത് അവർ നായന്മാരായതിനാലാണ്. കോൺഗ്രസ് നേതാക്കൾക്കും വരേണ്ടിവരുമെന്നും സുകുമാരൻ നായർ പറഞ്ഞു.

Hot Topics

Related Articles