തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്.
സമരത്തിന്‍റെ ആദ്യപടിയായി നാളെ തൃശൂർ ജില്ലയിൽ സ്വകാര്യ നഴ്സിംഗ് ജീവനക്കാർ സൂചനാ പണിമുടക്ക് നടക്കും. ഒ.പി ബഹിഷ്കരിക്കും അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാൻ ആണ് നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎൻഎയുടെ തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വേതന വർധനവിൽ രണ്ട് തവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശ്ശൂർ ലേബർ കമ്മീഷണർ ഓഫീസിലും ചർച്ചകൾ നടന്നിരുന്നു. കൊച്ചിയിലെ ചർച്ച സമവായമാവതെ പിരിയുകയും തൃശൂരിലെ ചർച്ചയിലെ ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികൾ എത്താതിരിക്കുകയും ചെയ്തതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ യുഎൻഎ തീരുമാനിച്ചത്.
സംസ്ഥാന തൊഴിൽ വകുപ്പിന്‍റെ നിയമങ്ങളെ വെല്ലുവിളിച്ചാണ് സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നതെന്നും ആവശ്യപ്പെട്ട വേതന വർധനവിന്‍റെ അൻപത് ശതമാനം അനുവദിക്കുന്ന ആശുപത്രികളെ സമരത്തിൽ നിന്നും ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും യുഎൻഎ വ്യക്തമാക്കി.