പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്: ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് കോൺഗ്രസ് ; ഒരു പാർട്ടിയുമായും സഖ്യമുണ്ടാക്കാനില്ലെന്നും കോൺഗ്രസ് 

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാർട്ടിയുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചു.തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജി സഖ്യസാധ്യത തള്ളിയതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവർ ബംഗാളിലെ മുതിർന്ന നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.

Advertisements

ബംഗാളില്‍ കോണ്‍ഗ്രസിന് വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. 2016-ലും 2021-ലും ഇടത് പാർട്ടികളുമായി ചേർന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. 2016-ല്‍ 44 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 2021-ല്‍ ഒരു സീറ്റ് പോലും നേടാനായില്ല. വോട്ട് വിഹിതം 12.25 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി കുറയുകയും ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സഖ്യങ്ങളെ ആശ്രയിക്കുന്നത് കാരണം പാർട്ടിയുടെ അടിത്തറ തകർന്നുവെന്നും, ഒറ്റയ്ക്ക് മത്സരിക്കുന്നത് താഴെത്തട്ടില്‍ പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ബംഗാളിലെ നേതാക്കള്‍ ഹൈക്കമാൻഡിനെ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാൻ സിപിഎം ഉള്‍പ്പെടെയുള്ള ഇടത് പാർട്ടികള്‍ക്കും ഇത്തവണ താല്പര്യമില്ല. കോണ്‍ഗ്രസ് തൃണമൂലുമായി ചർച്ച നടത്തുന്നുണ്ടെന്ന സംശയമാണ് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ഉന്നയിച്ചത്. തൃണമൂല്‍ വിരുദ്ധ, ബിജെപി വിരുദ്ധ ശക്തികള്‍ ഒന്നിക്കണമെന്നാണ് ആഗ്രഹമെങ്കിലും കോണ്‍ഗ്രസിനെ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വോട്ടെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് പാർട്ടി തീരുമാനം. ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷൻ ശുഭങ്കർ സർക്കാരും ഒറ്റയ്ക്ക് മത്സരിക്കണമെന്ന നിലപാടിനെ പിന്തുണച്ചിരുന്നു.

Hot Topics

Related Articles