പാലാ : പാലാ നിയമസഭാ മണ്ഡലത്തില്‍ ജോസ് കെ. മാണിക്കോ ഭാര്യ നിഷക്കോ മത്സരിക്കാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാല കെ.എം മണിക്കും കുടുംബത്തിനും പൈതൃകമുള്ള മണ്ഡലമാണ്. പാലായില്‍ ജോസ് കെ. മാണി മത്സരിക്കണമെന്നത് തന്റെയും പാർട്ടി പ്രവർത്തകരുടെയും പൊതുവികാരമായിരുന്നുവെന്നും താൻ നടത്തിയത് തീരുമാനമോ പ്രഖ്യാപനമോ ആയിരുന്നില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചകളുമായി ബന്ധപ്പെട്ടാണ് ജോസ് കെ.മാണിയും റോഷിയും തമ്മില്‍ ഭിന്നതയെന്ന പ്രചാരണം ഉയർന്നത്. ജോസ് കെ. മാണി പാലായില്‍ മത്സരിക്കുമെന്ന റോഷിയുടെ പ്രസ്താവന തള്ളി ജോസ് തന്നെ രംഗത്തെത്തിയതോടെ അഭ്യൂഹത്തിന് ശക്തിയേറി. എന്നാല്‍, കെ.എം മാണിയുടെ തട്ടകത്തില്‍ അദ്ദേഹത്തിന്റെ മകൻ തന്നെ മത്സരിക്കണമെന്ന പൊതുവികാരമാണ് താൻ പ്രകടിപ്പിച്ചത് എന്ന് റോഷി വിശദീകരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലായില്‍ ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്ന് ആവർത്തിച്ചിരുന്ന റോഷി, എന്നാല്‍ ജോസിന്റെ ഭാര്യ നിഷയും സ്ഥാനാർഥിത്വത്തിന് യോഗ്യയെന്ന തരത്തിലേക്ക് നിലപാട് മയപ്പെടുത്തുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം തിരിച്ചടിയാകുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് റോഷിയുടെ നയപ്രഖ്യാപനം.


