പാലക്കാട് : ചാലിശ്ശേരിയില്‍ അപകടാവസ്ഥയില്‍ ജീർണ്ണിച്ച കെട്ടിടം പൊളിച്ച് മാറ്റാത്ത സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ അംഗൻവാടിയിലേക്ക് അയക്കരുതെന്ന അപേക്ഷയുമായി അംഗനവാടി ടീച്ചർ. അംഗൻവാടി അധ്യാപികയായ രമാദേവിയാണ് കുട്ടികളെ അംഗൻവാടിയിലേക്ക് അയക്കരുതെന്ന് രക്ഷിതാക്കളോട് പറഞ്ഞത്. കുട്ടികളോട് അംഗൻവാടിയിലേക്ക് വരല്ലേ എന്നപേക്ഷിക്കുന്ന രമ ടീച്ചറുടെ ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. പെരുമണ്ണൂർ ജിഎല്‍പി സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന പഴയ അങ്കണവാടി കെട്ടിടമാണ് പിഞ്ചു കുട്ടികള്‍ക്ക് അപകടഭീഷണിയായി നിലകൊള്ളുന്നത്.
ഏത് നിമിഷവും നിലം പതിക്കാറായ ഈ കെട്ടിടത്തിനരികിലൂടെ വേണം കുട്ടികള്‍ തങ്ങളുടെ പുതിയ അംഗനവാടി കെട്ടിടത്തിലേക്കെത്താൻ. കെട്ടിടം പൊളിക്കാൻ നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല. എട്ട് വർഷത്തിലധികമായി ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര ചിതല്‍ വന്നും മറ്റും ദ്രവിച്ച നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപിക ഒരു മുന്നറിയിപ്പെന്ന നിലയില്‍ രക്ഷിതാക്കളോട് വിവരം അറിയിച്ചത്.