കൊച്ചി ; മധ്യവേനല്‍ അവധിക്കാലത്ത് ഡ്രൈവിങ് പഠിച്ച് ടെസ്റ്റില്‍ വിജയിച്ച നിരവധി വിദ്യാർഥികള്‍ക്ക് ഇതുവരെ ലൈസൻസ് ലഭിക്കാതെ കാത്തിരിക്കേണ്ട അവസ്ഥയാണ്. പരിവാഹൻ വെബ്സൈറ്റിലെ സാങ്കേതിക തകരാറുകള്‍ മൂലം അപേക്ഷകള്‍ തീർപ്പാകാതെ കിടക്കുകയാണെന്ന് ആർടിഒ ഉദ്യോഗസ്ഥർ പറയുന്നു.
റോഡ് ടെസ്റ്റും ‘എച്ച്’ ടെസ്റ്റും വിജയിച്ചവരുടെ ഫയലുകള്‍ മോട്ടോർ വാഹന ഇൻസ്പെക്ടർമാർ ഓഫീസില്‍ സമർപ്പിച്ചാലും, സൈറ്റിലെ പ്രശ്നങ്ങള്‍ കാരണം ലൈസൻസിന് അംഗീകാരം നല്‍കാനാകുന്നില്ല. മുൻകാലത്തെ പോലെ തപാലില്‍ ലൈസൻസ് അയക്കുന്ന സംവിധാനവും നിലവിലില്ല. അംഗീകാരം ലഭിച്ചാല്‍ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണമെന്നാണ് നിർദേശം. എന്നാല്‍ പലർക്കും ലൈസൻസ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ലെന്ന പരാതിയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എറണാകുളം ആർടി ഓഫീസില്‍ മാത്രം ഡ്രൈവിങ് ലൈസൻസ് ഉള്‍പ്പെടെ നാലായിരത്തിലധികം ഫയലുകളാണ് നടപടികള്‍ പൂർത്തിയാകാതെ കിടക്കുന്നത്. വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ്, ഉടമസ്ഥാവകാശ കൈമാറ്റം, വിലാസമാറ്റം തുടങ്ങി വിവിധ സേവനങ്ങളും സ്തംഭിച്ച നിലയിലാണ്.
അപേക്ഷകരുടെ പരാതികള്‍ക്ക് കൃത്യമായ മറുപടി നല്‍കാൻ ഉദ്യോഗസ്ഥർക്കും സാധിക്കാത്ത സ്ഥിതിയാണ്. സൈറ്റ് ഉടൻ ശരിയാകുമെന്ന മറുപടിയോടെയാണ് പലരെയും തിരിച്ചയക്കുന്നത്. ആർടി ഓഫിസില്‍ വെബ്സൈറ്റോ കംപ്യൂട്ടറോ തകരാറിലായാല്‍ ഉടൻ പരിഹരിക്കുന്നതിനായി നിയോഗിച്ചിരുന്ന 2 ടെക്നീഷ്യൻമാരെ ഏതാനും മാസം മുൻപ് പിൻവലിച്ചിരുന്നു. ഇതോടെ പ്രതിസന്ധിയിലായ നടപടിക്രമങ്ങളാണ് പരിവാഹൻ വെബ്സൈറ്റ് മന്ദഗതിയിലായതോടെ കൂടുതല്‍ രൂക്ഷമായത്.


