പത്തനംതിട്ട : പുതിയ അധ്യയന വർഷാരംഭവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സുരക്ഷയും മറ്റും ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങളൊരുക്കിയതായി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ്. സ്കൂളുകളിൽ വിദ്യാർഥി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ എസ് എച്ച് ഒമാർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ എല്ലാം പോലീസ് സ്റ്റേഷനുകളിലേക്കും അയച്ചിട്ടുണ്ട്. അനുവദനീയമായതിൽ കൂടുതൽ വിദ്യാർഥികളെ വാഹനങ്ങളിൽ കയറ്റുന്നത് തടയും, മഴക്കാലമായതിനാൽ അക്കാരണത്താൽ ഉണ്ടാകാവുന്ന അപകടങ്ങൾ തടയുന്നതിനും, റോഡുകളിൽ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനും പോലീസ് പട്രോളിങ് ശക്തമാക്കും. സ്കൂളുകളുടെ പരിസരങ്ങളിൽ ലഹരി പദാർത്ഥങ്ങളുടെ വിപണനം തടയും, ഇതിനായി എസ് പി സി, എസ് പി ജി, സ്കൂൾ പി ടി എ കൾ എന്നിവയുടെ സഹകരണത്തോടെ നടപടികൾ സ്വീകരിക്കുന്നതാണ്. ബസ് ജീവനക്കാർ കുട്ടികളോട് മാന്യമായി പെരുമാറുന്നുവെന്നും, കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ട് എന്നതും പോലീസ് നിരീക്ഷിക്കും. അത്തരം പരാതികൾ ഉണ്ടായാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ വാഹനങ്ങളിൽ വിദ്യാർഥികൾ കയറുന്നതിനു തിരക്ക് ഒഴിവാക്കാൻ അധ്യാപകർക്കൊപ്പം എസ് പി സി കേഡറ്റുകളും ചേർന്ന് പ്രവർത്തിക്കും. സ്കൂൾ വാഹനങ്ങൾ, മറ്റ് ബസുകൾ എന്നിവയുടെ ഡ്രൈവർമാർക്ക് ആവശ്യമായ ബോധവൽക്കരണം നൽകും, ക്രിമിനൽ കുറ്റങ്ങളിൽ പെടാത്തവരും സ്വഭാവദൂഷ്യമില്ലാത്തവരുമാണ് സ്കൂൾ വാഹനങ്ങൾ ഓടിക്കുന്നതെന്നത് ഉറപ്പാക്കാൻ സ്കൂൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. കുട്ടികളെ സ്കൂളിൽ ഇറക്കിയശേഷം, സ്കൂൾ വിടുംവരെ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല, ഡ്രൈവർമാർക്കും വാഹനങ്ങളിലെ മറ്റ് ജീവനക്കാർക്കും പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കുട്ടികളുമായി പോകുന്ന വാഹനങ്ങളിലെ ഡ്രൈവമാർ മദ്യപിച്ചിട്ടുണ്ടോ എന്ന് മുന്നറിയിപ്പ് നൽകാതെയുള്ള പരിശോധനക്ക് നിർദേശം പോലീസിന് നൽകി. വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷ സൗകര്യങ്ങൾ ഉറപ്പാക്കുകയും, ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയുണ്ടാവും. ഈദിവസങ്ങളിൽ നിരത്തുകളിലും മറ്റും ഉണ്ടാവാനുള്ള തിരക്കുകൾ മുൻകൂട്ടി കണ്ട് പോലീസ് സാന്നിധ്യം ഉറപ്പാക്കുകയും, അത്തരം സ്ഥലങ്ങളിൽ പ്രത്യേകം പട്രോളിങ് സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികൾക്കെതിരെ അതിക്രമങ്ങളും മറ്റും ഉണ്ടാകാതിരിക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കാൻ എല്ലാ പോലീസുദ്യോഗസ്ഥർക്കും നിർദേശം നൽകി. വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും തിരിച്ചറിയൽ കാർഡ് ധരിക്കേണ്ടതാണ്. സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷയിൽ വീഴ്ച ഉണ്ടാവുന്നുണ്ടോ എന്ന് എസ് പി സി, എൻ എസ് എസ്, എൻ സി സി എന്നിവയിലെ കുട്ടികൾ നിരീക്ഷിക്കാനും ബോധവൽക്കരിക്കാനും ചുമതലപ്പെടുത്തപ്പെട്ടിട്ടുണ്ട്. റോഡ് മുറിച്ചുകടക്കുന്നതിന് കുട്ടികൾക്ക് പോലീസിന്റെയും സ്റ്റുഡന്റ് പോലീസ് കേഡാറ്റ്സിന്റെയും സാന്നിധ്യം ഉറപ്പാക്കും. സൈബർ സുരക്ഷ, സ്വയം പ്രതിരോധ പരിശീലനം, രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണം എന്നീ കാര്യങ്ങളിൽ ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളെയും, പോലീസുദ്യോഗസ്ഥരെയും സമീപിക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കേണ്ടതാണ്. സ്കൂൾ തുറക്കുന്ന ദിവസത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വാഹന പാർക്കിങ് സൗകര്യം സ്കൂള്‍ അധികൃതര്‍ ഒരുക്കണം, പോലീസുമായി സഹകരിച്ചു തിരക്ക് ഒഴിവാക്കാൻ വേണ്ട നടപടികൾ എടുക്കണം. വിദ്യാലയങ്ങൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളും മറ്റും സ്ഥാപിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ട്. വിദ്യാലയ പരിസരങ്ങളിലെ കടകളിലും മറ്റും ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നത് തടയുന്നതിനുള്ള കർശന പരിശോധന നടത്താനും, സ്കൂൾ സമയങ്ങളിൽ ബൈക്ക് പട്രോൾ ഉൾപ്പെടെയുള്ള പോലീസ് പട്രോളിങ് ശക്തമാക്കുന്നതിനും, സ്കൂൾ പരിസരങ്ങളിലും ബസ് സ്റ്റാന്റുകളിലും, പിങ്ക് പട്രോൾ തുടങ്ങിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പരിശോധനയ്ക്കും നിർദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.