വിദ്യാര്‍ഥികള്‍ നാളത്തെ വാഗ്ദാനം മാത്രമല്ല ഇന്നത്തെ പ്രതീക്ഷ കൂടിയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കലഞ്ഞൂര്‍ ഗവ. എല്‍പി സ്കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. വിദ്യാര്‍ഥികള്‍ നാളത്തെ പൗരന്മാരല്ല. ഇന്നത്തേയും കൂടി പൗരന്മാരാണ്. വോട്ടവകാശം മാത്രമാണ് അവര്‍ക്ക് പതിനെട്ടാം വയസില്‍ ലഭിക്കുന്നത്. അതിനു മുന്‍പ് തന്നെ കുട്ടികള്‍ സമൂഹത്തിന്റെ മാറ്റങ്ങള്‍ക്ക് ഭാഗഭാക്കാവുന്നുണ്ട്. സ്വയം വളര്‍ത്തി എടുക്കുവാനുള്ള പ്രാപ്തി ഉണ്ടാക്കി കൊടുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. സ്കൂളില്‍ ചിലവഴിക്കുന്ന ദിവസങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് എന്നും മധുരിതമാകണം. കുട്ടികള്‍ മാതാപിതാക്കള്‍ക്ക് പകര്‍ന്നു തരുന്ന ഊര്‍ജം വാക്കുകള്‍ക്ക് അതീതമാണ്. ആ ഊര്‍ജം കുട്ടികള്‍ നന്മയുടെ വഴികളാക്കി മാറ്റണമെന്നും കളക്ടര്‍ പറഞ്ഞു.
അക്ഷര കിരീടം ധരിച്ചാണ് കളക്ടര്‍ കുട്ടികളോട് സംവദിച്ചത്. കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് പാട്ടും പാടിയാണ് കളക്ടര്‍ മടങ്ങിയത്. അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എ വിദ്യാര്‍ഥികളുമായി സംവദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശ സജി, വാര്‍ഡ് അംഗം രമാ സുരേഷ്, എസ്.സി ഇ.ആര്.ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് എസ് വള്ളിക്കോട്, ഹെഡ്മാസ്റ്റര് വി. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാര്‍ഥികള്‍ വാഗ്ദാനവും പ്രതീക്ഷയും: കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍
Advertisements