കൊച്ചിയിലെ പോലീസ് ക്യാമ്പിൽ ഇരുന്ന് ‘പൂസായി’; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ; പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഒരാൾ ഓടി രക്ഷപ്പെട്ടു

ലഹരിക്കെതിരായി സംസ്ഥാനത്ത് പോലീസ് ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള വലിയ ക്യാമ്പയിനുകൾ നടത്തുന്നതിനിടെ, പോലീസ് ക്യാമ്പിൽ ഇരുന്ന് മദ്യപിച്ച മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ. കെ.എ.പി ഒന്നാം ബറ്റാലിയനിലെ പോലീസുകാരായ കെ.യു. അഭിലാഷ്, എൻ. നവാസ്, എം. വിഷ്ണു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഹിൽപാലസ് പോലീസ് ക്യാമ്പിലെ ബാരക്കിൽ ഇരുന്ന് മദ്യപിച്ചതിനാണ് നടപടി.

Advertisements

​വെള്ളിയാഴ്ച രാവിലെ 7.30-ഓടെ പോലീസ് ഓഫീസർമാർ ബാരക്കുകളിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് ഇവർ മദ്യപിക്കുന്നത് കണ്ടെത്തിയത്.ഇവരിൽ നിന്ന് മദ്യപിച്ചു തീരാറായ മദ്യക്കുപ്പിയും കുപ്പിവെള്ളവും ഗ്ലാസും പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ ഇവരെ മെഡിക്കൽ പരിശോധന നടത്തുവാൻ കൊണ്ടു പോകാൻ ഒരുങ്ങുന്നതിനിടെ അഭിലാഷ് അവിടെ ഉണ്ടായിരുന്ന പോലീസുകാരെ തള്ളിയിട്ടു ക്യാമ്പിൽ നിന്ന് ഓടി രക്ഷപ്പെട്ടു. നവാസിനെയും വിഷ്ണുവിനെയും ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കുകയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ഇരുവരും മദ്യപിച്ചിട്ടുള്ളതായി കണ്ടെത്തി. സസ്പെൻഷനിലായ പോലീസുകാർക്കെതിരെ വിശദമായ അന്വേഷണം നടത്തി അസിസ്റ്റൻറ് കമാൻൻ്റൻ്റിനെ ചുമതലപ്പെടുത്തി. ഓടിപ്പോയ പോലീസുകാരനെ കണ്ടെത്താനായിട്ടില്ല.

Hot Topics

Related Articles