ആലപ്പുഴ: ചേർത്തലയിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ൽ അഗാധ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ നൂതന സാങ്കേതികവിദ്യയായ പെനെട്രേറ്റിങ് റഡാർ (ജി.പി.എസ്) ഉപയോഗിച്ച് സുരക്ഷപരിശോധന നടത്തണമെന്ന് റിപ്പോർട്ട്. ചേർത്തല മേൽപാലത്തിൽ നടത്തിയ പരിശോധനക്കുശേഷം പൊതുമരാമത്ത്, ജലഅതോറിറ്റി എന്നിവർ ചേർന്ന് ജില്ലകലക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നിർമാണം പൂർത്തിയായ തുറവൂർ മുതൽ എസ്.എൽ.പുരം വരെയുള്ള ഏഴുമേൽപ്പാതകളിലും പരിശോധന നടത്തണം. ഭൂമിയുടെ ഉപരിതലത്തിന് കേടുപാടുകൾ വരുത്താതെ, അതിനടിയിലുള്ള വസ്തുക്കളുടെയും ഘടനകളുടെയും വിവരങ്ങൾ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കണ്ടെത്താൻ സഹായിക്കുന്ന ഒരുനൂതന സാങ്കേതികവിദ്യയാണിത്.
പരിശോധനക്ക് വൻ സാമ്പത്തിക ബാധ്യതയുള്ളതിനാൽ എൻ.എച്ച്.എ.ഐ ചെലവിൽ നടത്തണമെന്നും റിപ്പോർട്ടിലുണ്ട്. കുടിവെള്ള പദ്ധതിയുടെ കുഴൽ തകർന്നത് കാരണം അടിത്തട്ടിലെ മണ്ണ് റോഡിനരികിലേക്ക് വൻതോതിൽ ഒഴുകിയതും റോഡ് ഉയർത്താൻ ഉപയോഗിച്ച കായൽ മണ്ണ് പൊടിഞ്ഞതും നിർമാണത്തിലെ അപാകതയുമാണ് റോഡ് തകരാൻ കാരണമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സേഫ്റ്റി ഓഡിറ്റിങ് നടത്താൻ എൻ.എച്ച്.എ.ഐക്ക് നിർദ്ദേശം നൽകിയതായും ജില്ല കലക്ടർ ഷാജി വി. നായർ പറഞ്ഞു. ഈമാസം 11ന് ദേശീയപാത അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ റിപ്പോർട്ട് ചർച്ചയാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്നറിയിപ്പ് കണക്കിലെടുക്കാത്തത് വൻവീഴ്ച
ആലപ്പുഴ: ജല അതോറിറ്റി നൽകിയ മുന്നറിയിപ്പ് ഗൗരവത്തിൽ എടുക്കാതിരുന്നതാണ് ദേശീയപാതയിലെ മേൽപാതയിൽ ഗർത്തമുണ്ടാകാൻ കാരണമെന്ന് റിപ്പോർട്ട്. നിർമാണം പൂർത്തിയാക്കി ഭാഗികമായി ഗതാഗതത്തിന് തുറന്നു നൽകിയ മേൽപാതയിൽ മണ്ണിടിഞ്ഞ് ഗർത്തമുണ്ടായ സംഭവത്തിലെ റിപ്പോർട്ടിലാണ് വീഴ്ച എടുത്തുപറയുന്നത്. ചേർത്തല 11ാംമൈലിലെ മേൽപ്പാലത്തിലാണ് ഗർത്തം രൂപപ്പെട്ടത്. നിലവിൽ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചു താൽക്കാലികമായി കുഴി അടച്ചു. ഒരു മാസം മുൻപ് പൈപ്പ് പൊട്ടിയ സ്ഥലത്താണ് മണ്ണിടിഞ്ഞ് ഗർത്തമുണ്ടായത്. പൈപ്പുകൾ പൊട്ടിയാൽ ഒരു മാസം മുതൽ മൂന്ന് മാസം വരെ കഴിഞ്ഞായിരിക്കും ആഘാതം തിരിച്ചറിയുക. മേൽപാലത്തിൽനിന്ന് അത്രയും ദിവസങ്ങളിൽ മണ്ണ് ഒലിച്ചു പോയാൽ വലിയ ദുരന്തമുണ്ടാകാൻ സാധ്യതയുണ്ട്.
പത്മാക്ഷിക്കവല, വയലാർ കവല, തങ്കിക്കവല, 11–ാം മൈൽ, തിരുവിഴ, കണിച്ചുകുളങ്ങര, എസ്.എൽ. പുരം എന്നിവിടങ്ങളിലും പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാതെയാണ് പാത നിർമിച്ചത്. ഇവിടെ പൈപ്പുകളിൽ ചോർച്ചയുണ്ടായാൽ കഴിഞ്ഞ ദിവസമുണ്ടായതിനും വലിയ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. തുറവൂർ മുതൽ മാരാരിക്കുളം കളിത്തട്ട് വരെ രണ്ടു ഘട്ടങ്ങളിലായി 14.5 കിലോമീറ്റർ ദൂരത്തോളമാണ് പ്രധാന പമ്പിങ് പൈപ്പുകൾ (350 എം.എം. മുതൽ 600 എം.എം. വരെ) പോകുന്നത്. ഇതിൽ 13 കിലോമീറ്റർ ദൂരത്ത് പകരം പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാതക്കടിയിലൂടെയുള്ള പൈപ്പുകളിൽനിന്ന് കണക്ഷൻ മാറ്റാതിരുന്നതാണ് പ്രശ്നമായത്.
ദേശീയപാത അതോറിറ്റി യാത്രക്കാരുടെ സുരക്ഷയെ അവഗണിക്കുന്നു
സുരക്ഷാ ഓഡിറ്റങ് നടത്തണം-കെ.സി. വേണുഗോപാൽ
ആലപ്പുഴ: ചേര്‍ത്തലയില്‍ 11ാം മൈല്‍ ദേശീയപാത മേല്‍പ്പാലത്തിൽ ഗര്‍ത്തം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വാട്ടര്‍ അതോറിറ്റി ചൂണ്ടിക്കാണിക്കുന്ന ആറിടങ്ങളില്‍ ഉള്‍പ്പെടെ തുറവൂര്‍ മുതല്‍ പറവൂര്‍ വരെയുള്ള മുഴുവന്‍ സ്ട്രെച്ചിലും സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്നും ജനങ്ങള്‍ക്ക് ഭീതികൂടാതെ യാത്ര ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു.
റോഡ് ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചപ്പോള്‍ ഈ സ്ഥലത്തേത് ഉള്‍പ്പെടെ ആറ് ഇടങ്ങളില്‍ക്കൂടി ചോര്‍ച്ചയും സമാനമായ സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയെന്ന് വാട്ടര്‍ അതോറിറ്റി പറയുന്നുണ്ടെങ്കിലും അവിടെ പരിശോധന നടന്നതായി സൂചനയില്ല. സുരക്ഷാ വീഴ്ചകളും നിലവാരമില്ലായ്മയും നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും ഫലപ്രദമായ പരിഹാര നടപടിയും ദേശീയപാത അതോറിറ്റിയും കേന്ദ്രസര്‍ക്കാരും സ്വീകരിച്ചില്ല. ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


