പി എം ജി എസ് വൈ ജില്ലാതല അവലോകന യോഗം ചേര്‍ന്നു

പത്തനംതിട്ട : പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജനയുടെ (പി.എം.ജി.എസ്.വൈ) പത്തനംതിട്ട ജില്ലാതല അവലോകന യോഗം ചേര്‍ന്നു. ജലജീവന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും റോഡ് പ്രവൃത്തികളുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും യോഗത്തില്‍ ആന്റോ ആന്റണി എംപി പറഞ്ഞു. ജില്ലയിലെ ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകന യോഗം ഈ മാസം ഒന്‍പതിനും പി.എം.ജി.എസ്.വൈ റോഡുകളിലെ ജലജീവന്‍ പ്രവൃത്തികള്‍ സംബന്ധിച്ച വകുപ്പുകളുടെ സംയുക്തയോഗം 11നും നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.

Advertisements

പി.എം.ജി.എസ്.വൈ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 78 പ്രവൃത്തികളില്‍ 75 എണ്ണവും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 10 പ്രവൃത്തികള്‍ മുഴുവനും പൂര്‍ത്തിയായതായി പി.ഐ.യു പത്തനംതിട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മൂന്നാം ഘട്ടത്തിലെ പ്രവൃത്തികളായ പറക്കോട് ബ്ലോക്കിലെ തട്ടാരുപടി കൊയ്പ്പള്ളിമല റോഡ്, മാങ്കോട് എച്ച്എസ് – തിടി നിരത്തുപാറ റോഡ്, കോയിപ്രം ബ്ലോക്കിലെ ചെട്ടിമുക്ക് തടിയൂര്‍ വാളക്കുഴി നാരകത്താനി റോഡ്, തേക്കുംകല്‍ ചിറപ്പുറം ഇലപ്പുങ്കല്‍ റോഡ്, റാന്നി ബ്ലോക്കിലെ വെണ്‍കുറിഞ്ഞി മാറാടം കവല മടത്തുംപടി റോഡ് എന്നിവയുടെ പുരോഗതിയും പുതിയ പ്രവൃത്തികളായ പറക്കോട് ബ്ലോക്കിലെ ആലുംമൂട് തെങ്ങമം റോഡ്, കോയിപ്രം ബ്ലോക്കിലെ പ്ലാങ്കമണ്‍ പൂവന്മല റോഡ്, പന്തളം ബ്ലോക്കിലെ വാഴ്‌വേലിപ്പടി കവലപ്ലാക്കല്‍ റോഡ്, മാലക്കര ആല്‍ത്തറപ്പടി ഏറാംകട റോഡ് എന്നിവയുടെ വിശദാംശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പിഐയു ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. സജിത, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles