പത്തനംതിട്ട : ട്രൈബൽ വിഭാഗത്തിനായുള്ള പോലീസിന്റെ ജനമൈത്രി പദ്ധതി ‘ആരണ്യകാണ്ഡം’ ജില്ലയിൽ ആരംഭിച്ചു. ഉത്ഘാടനം ഇന്ന് രാവിലെ 10 ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ് ചിറ്റാറിൽ നിർവഹിച്ചു. ജനമൈത്രി പോലീസ് സേവനസജ്ജരായി ഒപ്പമുണ്ടെന്നും, കുട്ടികൾക്ക് വിദ്യാഭ്യാസം തുടങ്ങിയകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും ജില്ലാ പോലീസ് മേധാവി ഉൽബോധിപ്പിച്ചു. ചിറ്റാർ ഗവണ്മെന്റ് എച്ച് എസ്സ് എസ്സിലെ എസ് പി സി കേഡറ്റുകളും പരിപാടിയിൽ പങ്കെടുത്തു. ചിറ്റാർ പാമ്പിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കോന്നി ഡി വൈ എസ് പി ബൈജുകുമാർ അധ്യക്ഷനായിരുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കായി മെഡിക്കൽ ക്യാമ്പ് നടന്നു. ട്രൈബൽ വിഭാഗത്തിലെ കുടുംബാoഗങ്ങൾ ഉൾപ്പെടെ 150 ലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. സീതത്തോട് പ്രാഥമിക ചികിത്സാ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വിൻസെന്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പോക്സോ നിയമം, ബാലവിവാഹനിയമം എന്നീ നിയമങ്ങളെപ്പറ്റി കോന്നി ഡി വൈ എസ് പി ബോധവൽക്കരണക്ലാസ്സ് എടുത്തു. എസ് പി സി കേഡറ്റുകൾക്ക് ജില്ലാ പോലീസ് മേധാവി ആശംസകൾ നേർന്നു. ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ, വാർഡ് അംഗം ജയശ്രീ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചിറ്റാർ പോലീസ് ഇൻസ്‌പെക്ടർ ബി രാജേന്ദ്രൻ പിള്ള നന്ദിപറഞ്ഞു.