വീട്ടിനുള്ളിൽ കടന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു : പ്രതി കോയിപ്രം പോലീസ് പിടിയിൽ

പത്തനംതിട്ട : ആരുമില്ലാതിരുന്ന സമയം സിറ്റൗട്ടിലെ സ്വിച്ച്ബോർഡിന് മുകളിൽ സൂക്ഷിച്ച താക്കോൽ എടുത്ത് വീട്ടിനുള്ളിൽ കടന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോയിപ്രം തെള്ളിയൂർ വല്യത്ത് വീട്ടിൽ കഴിഞ്ഞമാസം 24 ന് രാവിലെ 9 നും ഉച്ചയ്ക്ക് ഒന്നിനുമിടയിലാണ് മോഷണം നടന്നത്. തെള്ളിയൂർ വല്യത്ത് പുത്തൻ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ സന്ദീപ് പി സുരേഷ് (22) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. വീട്ടുടമസ്ഥൻ കൃഷ്ണൻ കുട്ടിയുടെ ഭാര്യ സൗദാമിനി (66) യുടെ 28 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളും, പേഴ്സിൽ സൂക്ഷിച്ച 1100 രൂപയും എ ടി എം കാർഡുമാണ് ഇയാൾ മോഷ്ടിച്ചത്. ഒന്നര പവൻ മാലയും ഒരു പവൻ അരഞ്ഞാണവും ഒരു പവൻ 100 ഗ്രാം തൂക്കം വരുന്ന മോതിരവും ഉൾപ്പെടെയാണ് മോഷ്ടാവ് കവർന്നത്.

Advertisements

ഇന്നലെ സ്റ്റേഷനിലെത്തി വിവരം പറഞ്ഞ വീട്ടമ്മയുടെ മൊഴി വാങ്ങി എസ് ഐ പി എ മധു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണം നടന്ന് രണ്ടാം ദിവസം വീട്ടമ്മയുടെ ഫോണിൽ വന്ന സന്ദേശത്തിന്റെ ചുവടുപിടിച്ചുള്ള ഊർജ്ജിത അന്വേഷണത്തിലാണ് മോഷ്ടാവ് കുടുങ്ങിയത്. എ ടി എം കൗണ്ടറിൽ പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും പിൻ ശരിയല്ലാത്തതിനാൽ പിൻവലിക്കാൻ കഴിഞ്ഞില്ല, ഇത് സംബന്ധിച്ച സന്ദേശമാണ് പ്രതിയെ വേഗത്തിൽ കണ്ടെത്താൻ ഇടയാക്കിയത്. ഈ സന്ദേശത്തിന് പിന്നാലെ സഞ്ചരിച്ച അന്വേഷണസംഘം മണിക്കൂറുകൾക്കകം പ്രതിയെ വലയിലാക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ് ബി ഐ അധികൃതരെ ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോൾ, വെണ്ണിക്കുളം സൗത്ത് ഇന്ത്യൻ ബാങ്ക് എ ടി എം കൗണ്ടറിൽ നിന്നാണ് പണം പിൻവലിക്കാൻ ശ്രമിച്ചതെന്ന് മനസ്സിലായി. തുടർന്ന്, അവിടുത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, പണം പിൻവലിക്കാൻ ശ്രമിക്കുന്ന ദൃശ്യം ലഭിച്ചു. ഇത് മൊബൈൽ ഫോണിൽ ശേഖരിച്ച് വീട്ടമ്മയെ കാണിച്ചപ്പോൾ, ആദ്യം ഇവർ പോലീസിന് നൽകിയ മൊഴിയിൽ സംശയം പറഞ്ഞയാൾ തന്നെയാണ് പ്രതിയെന്ന് വ്യക്തമായി. പിന്നീട് ഈ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തുനൽകാൻ ബാങ്ക് അധികൃതർക്ക് പോലീസ് കത്ത് നൽകുകയായിരുന്നു.

തുടർന്ന്, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് ഇയാളെ ഇന്നലെ വൈകിട്ട് 5 ന് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടി പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോഴും ഓടാൻ തുനിയുകയും എതിർക്കുകയും ചെയ്തു. ബലം പ്രയോഗിച്ച് സാഹസികമായാണ് പ്രതിയെ പോലീസ് സംഘം കീഴടക്കിയത്. ഇയാളുടെ മൊബൈൽ ഫോണും , ധരിച്ചിരുന്ന കമ്മലും പിടിച്ചെടുത്തു.വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.

മോഷ്ടിച്ച പണം ചെലവായതായും, സ്വർണം രണ്ടുതവണയായി ഇരവിപേരൂരുള്ള ജ്വല്ലറിയിൽ വിറ്റതായും വെളിപ്പെടുത്തി. ആകെ 98000 രൂപ ഇങ്ങനെ ലഭിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. കടയുടമ പ്രതിയെ തിരിച്ചറിഞ്ഞു. ഉരുക്കിസൂക്ഷിച്ച സ്വർണം പിന്നീട് അവിടെനിന്നും ബന്തവസ്സിലെടുത്തു. സ്വർണം വിറ്റുകിട്ടിയ പണം പുറമറ്റത്തെ ഫെഡറൽ ബാങ്കിലുള്ള ഇയാളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായും, രണ്ടാം തവണ വിറ്റപ്പോൾ കിട്ടിയ തുക വെണ്ണിക്കുളം എസ് ബി ഐ യിലെ പിതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും, ബാക്കി സുഹൃത്തിനും മറ്റും കൊടുത്തതായും സമ്മതിച്ചു. പിതാവിന്റെ അക്കൗണ്ട് താത്കാലികമായി മരവിപ്പിയ്ക്കുന്നതിന് ബാങ്കിന് പോലീസ് കത്ത് നൽകി.

ഉപയോഗിക്കാൻ കഴിയാഞ്ഞ എ ടി എം കാർഡ് മോഷനത്തിനുശേഷം വീടിന്റെ പിന്നിൽ ഉപേക്ഷിച്ചുവെന്ന് ഇയാൾ പറഞ്ഞുവെങ്കിലും കണ്ടെടുക്കാനായില്ല. പ്രതിയുടെ വിരലടയാളശേഖരണം ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണങ്ങൾ നടത്തിയ പോലീസ് തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ് ഐ അനൂപ്, എസ് സി പി ഓമാരായ മാത്യു, ജോബിൻ ജോൺ എന്നിവരാണ് ഉള്ളത്.

Hot Topics

Related Articles