കോട്ടയം: ഡിസംബർ 22 ന് ചെന്നൈയിൽ വിളിച്ചുചേർത്ത ദക്ഷിണ റെയിൽവേ ഉപദേശക സമിതി യോഗത്തിൽ കേരളത്തിലെ റെയിൽവേ യാത്രക്കാർ നേരിടുന്ന പ്രതിസന്ധികളും ആവശ്യങ്ങൾ ജനറൽ മാനേജർക്ക് സമക്ഷം അവതരിപ്പിച്ച് തിരുവനന്തപുരം ഡിവിഷൻ ഡി.ആർ യു. സി സി(ഡി.ആർ.യു.സി.സി) അംഗവും കൊടിക്കുന്നിൽ സുരേഷ് എം പി യുടെ പേഴ്സണൽ സെക്രട്ടറിയുമായ അബ്ദുള്ള ആസാദ്. പാർക്കിംഗ് ഫീസ് പുന പരിശോധിക്കണമെന്നും മന്ദഗതിയിലായതും മുടങ്ങിക്കിടക്കുന്നതുമായ അമൃത് ഭാരത് പദ്ധതിയുടെ വർക്കുകൾ വേഗത്തിക്കാനുമുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.






കേരളത്തിലെ റെയിൽയാത്രാക്ലേശം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നേമം ടെർമിനലിന്റെ പ്രാധാന്യവും എറണാകുളം ടൗൺ/ ജംഗ്ഷൻ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം വികസനം നിലവിൽ സാധ്യമല്ലാത്ത സാഹചര്യത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷനിലെ റെയിൽവേയുടെ സ്ഥലം ഉപയോഗപ്പെടുത്തി പ്ലാറ്റ് ഫോമുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നും ചർച്ചയിൽ അദ്ദേഹം ഉന്നയിച്ചു. അതിലൂടെ തൃപ്പൂണിത്തുറയിൽ നിന്ന് പുതിയ സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്നും സ്റ്റേഷനും മെട്രോ ടെർമിനലുമായി ബന്ധിപ്പിക്കുന്ന ആകാശപാത വേഗത്തിൽ സാധ്യമാക്കണമെന്നും അദ്ദേഹം യോഗത്തിൽ പങ്കുവെച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെമു ട്രെയിനുകളുടെ കോച്ചുകൾ 16 ലേയ്ക്ക് വർദ്ധിപ്പിക്കണമെന്നും തിരുവനന്തപുരം – എറണാകുളം സെക്ടറിൽ എ.സി മെമു അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജനറൽ മാനേജർക്ക് കത്ത് നൽകുകയും ചെയ്തു.. കൊല്ലം മധുര, തിരുനെൽവേലി റൂട്ടിൽ ബ്രോഡ്ഗേജിന് മുമ്പുണ്ടായിരുന്ന എല്ലാ സർവീസും ആരംഭിക്കുക, ഇരട്ടപാതയുടെ അനിശ്ചിതത്തം നീക്കി എത്രയും വേഗം ജോലികൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുക, കോവിഡിൽ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കുക, റെയിൽവേ ബോർഡിലേയ്ക്ക് ശുപാർശ ചെയ്യപ്പെട്ട സ്റ്റോപ്പുകളും സർവീസ് ദീർഘിപ്പിക്കുന്നതും സംബന്ധിച്ച നടപടികൾ എത്രയും വേഗം പരിഗണിക്കുക എന്നീ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിച്ചു.
ചെന്നൈ ഡിവിഷനിലെയും പാലക്കാട്, തിരുവനന്തപുരം ഡിവിഷനിലെയും ഡി.ആർ.യു.സി.സി അംഗങ്ങൾ സംയുക്തമായി “ചെന്നൈ – തിരുവനന്തപുരം” വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ആവശ്യപ്പെട്ട് പ്രത്യേകം കത്തു നൽകുകയുണ്ടായി. റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് ന്റെ പ്രതികരണം കേരളത്തിലെ റെയിൽവേ വികസനങ്ങൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസിന് നൽകിയ മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി.


