തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലക്രമണത്തിനു സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്കും ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ശക്തി പ്രാപിക്കുകയാണ്. ഇന്ന് വടക്കന്‍ ശ്രീലങ്ക, തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെ ഡിറ്റ് വാ വടക്കന്‍ തമിഴ്നാട്-പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് (29/11/2025) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.4 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. നവംബർ 30 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


