ലക്നൗ: ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഇതിഹാസ താരം എം.എസ്. ധോണിയുടെ ഒന്നൊന്നര പതിറ്റാണ്ട് പഴക്കമുള്ള ഒരു ചരിത്ര റെക്കോർഡ് ഇനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗിന് സ്വന്തം. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തോടെയാണ് ഐപിഎല്‍ ചരിത്രത്തിലെ അപൂർവ്വ നേട്ടം റിങ്കു തന്റെ പേരിലാക്കിയത്.
ഐപിഎല്ലില്‍ ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡാണ് റിങ്കു സിംഗ് ലക്നൗവിനെതിരെ തിരുത്തിക്കുറിച്ചത്. 2011-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈക്ക് വേണ്ടി ധോണി പുറത്താകാതെ നേടിയ 70 റണ്‍സ് എന്ന റെക്കോർഡാണ് 15 വർഷത്തിന് ശേഷം ലക്നൗവിനെതിരെ 51 പന്തില്‍ പുറത്താകാതെ 83 റണ്‍സെടുത്ത റിങ്കുവിന് മുന്നില്‍ വഴിമാറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടീം വലിയ തകർച്ച നേരിട്ട ഘട്ടത്തിലാണ് റിങ്കു ക്രീസിലെത്തിയത്. സുനില്‍ നരെയ്നുമൊത്ത് റിങ്കു പടുത്തുയര്‍ക്കിയ 62 റണ്‍സ് കൂട്ടുകെട്ടാണ് കൊല്‍ക്കത്തയെ 155 എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ദിഗ്വേഷ് റാത്തിയെറിഞ്ഞ അവസാന ഓവറില്‍ റിങ്കു പറത്തിയ നാലു സിക്സുകള്‍ മത്സരത്തില്‍ നിര്‍ണായകമായി.ഐപിഎല്‍ കരിയറിലെ മികച്ച സ്കോർ നേടിയ റിങ്കു മത്സരത്തില്‍ 5 ക്യാച്ചുകളും എടുത്തു. ഒടുവില്‍ സൂപ്പർ ഓവറിലെ വിജയറണ്‍സും റിങ്കുവിന്റെ ബാറില്‍ നിന്നായിരുന്നു. അവസാന ഓവർ വരെ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ സൂപ്പർ ഓവറിലൂടെ നേടിയ ഈ വിജയം കൊല്‍ക്കത്തയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് മുന്നേറാനും അവർക്കായി.

