കോട്ടയത്ത് പുഴയെച്ചൊല്ലി പോര്..! പുഴ സംരക്ഷണത്തിന്റെ പേരിൽ രാഷ്ട്രീയമായി പരോക്ഷ ഏറ്റുമുട്ടലിലേയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽ.എയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറും; ആരോപണവുമായി ഇരുവിഭാഗവും കളത്തിൽ

കോട്ടയം: നദീ സംരക്ഷണ പ്രവർത്തനങ്ങളുടെ പേരിൽ കോട്ടയത്ത് രാഷ്ട്രീയ വിവാദം. പാറമ്പുഴ ആറ്റുമാലി പ്രദേശത്ത് കഴിഞ്ഞ ദിവസം നദീസംരക്ഷണ പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ഒരു വിഭാഗം നാട്ടുകാർ എത്തിയതിന് പിന്നാലെയാണ് വിവാദം വീണ്ടും തലപൊക്കിയത്. കോട്ടയത്തെ നദീസംരക്ഷണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിനു പിന്നിൽ കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് എന്ന ആരോപണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മീനച്ചിലാർ മീനനന്തറയാർ നദീസംരക്ഷണ പദ്ധതി കോ ഓർഡിനേറ്ററുമായ കെ.അനിൽകുമാറിന്റെ സന്തത സഹചാരി അനു രമേശ് രംഗത്ത് എത്തിയതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.

Advertisements

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നദീ തീരം കയ്യേറുന്നവർക്കൊപ്പമാണ് എന്ന ഗുരുതരമായ ആരോപണമാണ് ഇദ്ദേഹം ഇപ്പോൾ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കു വച്ചിരിക്കുന്നത്. ഇതോടെ വിവാദം സോഷ്യൽ മീഡിയയിലൂടെ തല പൊക്കി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്താണ് കോട്ടയം ജില്ലയിൽ കെ.അനിൽകുമാരിന്റെ നേതൃത്വത്തിൽ നദീസംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, സംസ്ഥാന സർക്കാർ തന്നെ ബജറ്റിൽ തുക വകയിരുത്തി പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ജില്ലയിലെ ആറ്റുതീരങ്ങളിലെ അനധികൃത കയ്യേറ്റങ്ങളും മണ്ണും മരവും നീക്കം ചെയ്യുന്നതെന്നാണ് നദീസംരക്ഷണ പ്രവർത്തകർ അവകാശപ്പെടുന്നത്. നദിയുടെ തീരം ഇടിയുന്നത് ഒഴിവാക്കുകയും ഇവിടുത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇവർ പറയുന്നു. എന്നാൽ, മീനച്ചിലാർ നവീകരണവുമായി ബന്ധപ്പെട്ട് കോട്ടയം നേച്ചർ സൊസൈറ്റി ഗ്രീൻ ട്രൈബ്യൂണലിൽ ഒരു കേസ് നൽകിയിരുന്നു. ഈ കേസിന് പിന്നിൽ കോട്ടയം എം.എൽ.എ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണാണ് എന്ന് അനു രമേശ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

എന്നാൽ, തീരം കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരിൽ മണ്ണ് നീക്കം ചെയ്യുകയും, വൃക്ഷസഞ്ചയങ്ങൾ നശിപ്പിക്കുകയും ചെയ്യുകയാണ് ചെയ്യുന്നതെന്നാണ് എതിർ വിഭാഗത്തിന്റെ ആരോപണം. യാതൊരു പഠനവുമില്ലാതെയും ശാസ്ത്രീയമായ അടിത്തറയില്ലാതെയും ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. പേരൂർ ഭാഗത്ത് പുഴയിൽ അടിഞ്ഞ് കൂടിയ മണലും മാലിന്യവും വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായി കണ്ടെത്തിയത് യാതൊരു പഠനത്തിന്റെയും അടിസ്ഥാനമില്ലാതെയാണ് എന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം നിൽക്കുന്ന ഒരു വിഭാഗത്തിന്റെ ആരോപണം.

ആറ്റിറമ്പിൽ താമസിക്കുന്ന പ്രദേശവാസികളായ ആളുകളും ഇത്തരം ആശങ്കപങ്കു വച്ച് രംഗത്ത് എത്തിയിട്ടുണ്ട്. തങ്ങൾക്ക് വീടുകൾക്ക് സംരക്ഷണ ഭിത്തി നിർമ്മിച്ചു നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇത്തരത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായാണ് ഇപ്പോൾ മീനച്ചിലാർ മീനന്തറയാർ നദീസംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്. കഴിഞ്ഞ ആറു വർഷത്തിലേറെയായി നടന്ന പ്രവർത്തനങ്ങൾ രാഷ്ട്രീയത്തിന്റെ പേരിൽ ഏറ്റുമുട്ടലിലേയ്ക്കു തിരിയുന്നത് കൗതുകത്തോടെയാണ് കോട്ടയം കാണുന്നത്.

Hot Topics

Related Articles