കോട്ടയം : അനധികൃതമായി ടാക്സിയായി സർവീസ് നടത്തിയ പ്രൈവറ്റ് വാഹനം ടാക്സി ഡ്രൈവർമാർ തടഞ്ഞതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പ്രൈവറ്റ് വാഹന ഉടമയ്ക്ക് എതിരെ കേസെടുത്തു. 3000 രൂപ പിഴയായും ഈടാക്കി. വ്യാഴാഴ്ച രാവിലെ എട്ടരയോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു നാടകീയ സംഭവങ്ങൾ. ആന്ധ്രയിൽ നിന്നും എത്തിയ അയ്യപ്പ ഭക്തരെയുമായി ശബരിമലയിലേയ്ക്ക് പോകാൻ എത്തിയതായിരുന്നു പ്രൈവറ്റ് വാഹനം. കോട്ടയം റെയിൽവേ സ്റ്റേഷന് മുന്നിൽ വാഹനം എത്തിയതോടെ ടാക്സി ഡ്രൈവർമാർ ചേർന്ന് കള്ള ടാക്സിയായി സർവീസ് നടത്തിയ പ്രൈവറ്റ് വാഹനം തടഞ്ഞു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി.ആശാ കുമാർ , അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോർജ് വർഗീസ് എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് , അനധികൃത സർവീസ് നടത്തിയ പ്രൈവറ്റ് വാഹനത്തിൽ നിന്ന് 3000 രൂപ പിഴയായി ഈടാക്കി.