ശബരിമലയിലെ അന്നദാനം: “ഹൈക്കോടതി ഉത്തരവിൽ ഇടപെടാനാവില്ല” ; അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ഹർജി തള്ളി സുപ്രീം കോടതി

ദില്ലി: ശബരിമലയിൽ അന്നദാനത്തിന് അനുമതി തേടിയുള്ള അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈക്കോടതി ഉത്തരവിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത് സുപ്രീംകോടതി പരിഗണിക്കേണ്ട കേസ് അല്ലെന്നും ഹൈക്കോടതിയിൽ തന്നെ തീർപ്പാക്കേണ്ടതെന്നും കോടതി വിശദീകരിച്ചു.

Advertisements

വിഷയത്തിൽ അയ്യപ്പ സേവ സംഘത്തിൻ്റെ രണ്ട് വിഭാഗങ്ങളാണ് ഹർജി നൽകിയത്. ആത്മീയ അധികാര പരിധി പ്രയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റിസ് ബോസ് പറഞ്ഞു. അഖില ഭാരത അയ്യപ്പാ സേവ സംഘത്തിനായി മുതിർന്ന അഭിഭാഷകൻ വി.ചിദംബരേഷ്, അഭിഭാഷക ആനി മാത്യു എന്നിവർ ഹാജരായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശബരിമലയിൽ അന്നദാനത്തിന് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് നൽകിയ അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെതിന് എതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി അന്നദാനം നടത്താൻ നൽകിയ അനുമതി റദ്ദാക്കിയത്. 2017 ൽ ഹൈക്കോടതി തന്നെ നൽകിയ അനുമതി റദ്ദാക്കി കൊണ്ടായിരുന്നു പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെയാണ് അഖില ഭാരത അയ്യപ്പ സേവാ സംഘം സുപ്രീം കോടതിയെ സമീപിച്ചത്.

ശബരിമലയിലും പമ്പയിലും അന്നദാനത്തിന് അനുമതി തേടി ശബരിമല അയ്യപ്പ സേവ സമാജം എന്ന സംഘടന നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജിയെ എതിർത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ്, ദേവസ്വം ബോർഡ് നടത്തുന്ന അന്നദാനം നിലനിൽക്കെ പുതിയ സംഘടനക്ക് അനുമതി നൽകാൻ പാടില്ലെന്ന് അറിയിച്ചു.

മാത്രമല്ല ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ ഭക്ഷ്യസുരക്ഷയടക്കം വെല്ലുവിളിയാകുമെന്നും അതിനാൽ ദേവസ്വം ബോർഡ് നടത്തുന്ന അന്നദാനത്തിൽ പങ്കാളികളാകുന്നതാണ് ഉചിതമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഈ വാദം കണക്കിലെടുത്ത് ശബരിമല അയ്യപ്പ സേവ സമാജത്തിന്‍റെ ഹർജി തള്ളിയ ഹൈക്കോടതി, അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് നേരത്തെ നൽകിയ അനുമതിയും റദ്ദാക്കുകയായിരുന്നു.

എന്നാൽ ഈ നടപടി തെറ്റാണെന്നും വർഷങ്ങളായി ഭക്തരരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് അഖില ഭാരത അയ്യപ്പ സേവാ സംഘമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

Hot Topics

Related Articles