കോട്ടയം: പാർട്ടിയിൽനിന്നും എല്ലാം നേടിയശേഷം കേരള കോൺഗ്രസിനെയും യു.ഡി.എഫിനെയും താൻ വഞ്ചിച്ചെന്ന് മോൻസ് ജോസഫ് എം.എൽ.എ പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. പാർട്ടി നേതൃത്വത്തെ സംബന്ധിച്ചും തനിക്കെതിരെ നടത്തുന്ന പ്രചരണങ്ങളെ കുറിച്ചും എം.എൽ.എയുടെ സ്വത്തുവിവരങ്ങളെ കുറിച്ചും പത്തോളം ചോദ്യങ്ങളും സജി മഞ്ഞക്കടമ്പിൽ മുന്നോട്ടുവെച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ കോട്ടയത്തെ പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷിയാക്കി വളർത്തിയത് തന്‍റെ പ്രവർത്തനത്തിലൂടെയാണ്. കോട്ടയം പാർലമെന്‍റ് സീറ്റ് കേരള കോൺഗ്രസിന് ലഭിച്ചത് തന്‍റെ പ്രയത്നം മൂലമാണ്. സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന് അബദ്ധത്തിൽ എം.എൽ.എ ആയ മോൻസ് ജോസഫിന് കോടികളുടെ ആസ്തിയുണ്ട്. തന്‍റെ ജില്ല പദയാത്ര പൊളിക്കാനുള്ള ഉദ്ദേശത്തോടെയാണ് ജോസഫ് എം.എൽ.എ റബർ മാർച്ച് സംഘടിപ്പിച്ചത്. മോൻസ് ജോസഫ് ഇപ്പോഴും പഴയ കെ.എസ്.യുകാരന്‍റെ നിലയിൽനിന്നും വളർന്നിട്ടില്ല. പി.ജെ.ജോസഫിന് മോൻസ് ജോസഫിന്‍റെ മുന്നിൽ മുട്ടുമടക്കിനിൽക്കേണ്ട അവസ്ഥയിൽ താൻ ദുഃഖിക്കുകയാണ്. തന്‍റെ പരാതികൾ എല്ലാം കേട്ടെങ്കിലും ഒരുവിഷയത്തിലും പി.ജെ.ജോസഫ് ഇടപെട്ടിട്ടില്ല. തന്നെ ചെയർമാൻ സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതിനായി എം.എൽ.എ ബോധപൂർവ്വം നീക്കങ്ങൾ നടത്തിയതായും സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. കോട്ടയത്ത് കോൺഗ്രസിൽ മക്കൾ രാഷ്ട്രീയമാണ്. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി പൂർണമായും ജനാധിപത്യപരമായാണ് പ്രവർത്തിക്കുന്നത്. എൻ.ഡി.എ മുന്നണിയിൽ ഏക കേരള കോൺഗ്രസ് പാർട്ടിയായി പ്രവർത്തിക്കുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, ട്രഷർ റോയി ജോസ്. സംസ്ഥാന സെക്രട്ടറി മോഹൻ ദാസ് അമ്പലാറ്റിൽ, ജില്ല പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ എന്നിവർ പങ്കെടുത്തു.